Sunday, May 19, 2024
spot_img

കശ്മീരിൽ കല്ലേറ് നിലച്ചതായി റിപ്പോർട്ട്; ഈ വർഷം ഒറ്റക്കേസില്ല; കല്ലെറിയാൻ മാത്രം 13 വർഷമായി ഐ.എസ്.ഐ നൽകിയത് 800 കോടി

പോലീസിനും സൈന്യത്തിനും നേരെ കല്ലെറിയുന്നത് വ്യവസായമാക്കിയിരുന്ന കശ്മീരിൽ നിന്ന് ഈ വർഷം അത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്. ഈ വർഷം ഇതുവരെ കശ്മീരിൽ ഒരു കല്ലേറുമുണ്ടായിട്ടില്ലെന്നാണ് പോലീസ് സാക്ഷ്യപ്പെടുത്തുന്നത്. 2020 ന് ശേഷം കശ്മീരിൽ കാര്യമായി കല്ലേറ് ഉണ്ടായിട്ടില്ല. കണക്കുകൾ പ്രകാരം 2022 ൽ കശ്മീർ താഴ്‌വരയിൽ അഞ്ച് സംഭവങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു.

കശ്മീർ താഴ്‌വരയിൽ യുവാക്കൾ കല്ലേറ് ഒരു വരുമാന മാർഗമാക്കിയിരുന്നു. ഭീകരരും ഐ.എസ്.ഐയും ഹവാല ശൃംഖലയിലൂടെയും മറ്റും പാകിസ്ഥാനിൽ നിന്ന് കല്ലേറിനുള്ള പണം കശ്മീരിലേക്ക് അയച്ചിരുന്നു. വിഘടനവാദി നേതാക്കളാണ് ഇവർക്ക് പണം കൈമാറിയിരുന്നത്. കല്ലെറിയാൻ മാത്രം 13 വർഷമായി ഐ.എസ്.ഐ നൽകിയത് 800 കോടിയാണ്.

എൻ.ഐ.എ,പോലീസ്,സൈന്യം തുടങ്ങിയവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് കല്ലേറ് സംഘങ്ങളെ കശ്മീരിൽ നിന്നും അമർച്ച ചെയ്യാൻ സാധിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസികൾ വിദേശ ഫണ്ടിങ്ങും ഹവാല ഇടപാടുകളും പൂർണ്ണമായും നിയന്ത്രിച്ചിരുന്നു. മത മൗലിക വാദ പ്രവർത്തനങ്ങളിൽ നിന്ന് യുവാക്കളെ മോചിപ്പിക്കുന്നതിന് വേണ്ടി ഡീ റാഡിക്കലൈസേഷൻ പരിപാടികളും സഘടിപ്പിച്ചിരുന്നു. ഇത് കല്ലെറിയുന്നവരെ അതിൽനിന്നും പിന്തിരിപ്പിക്കാൻ ഏറെ ഉപകരിച്ചു. കൂടാതെ കേസുകളിൽ പിടികൂടിയവരെ തിഹാറിലെയും ആഗ്രയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ജയിലുകളിലേക്കയച്ചതും ഗുണം ചെയ്തുവെന്ന് പോലീസ് സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം, കല്ലെറിഞ്ഞിരുന്ന സംഘത്തിൽപ്പെട്ടവർ ഇന്ന് പശ്ചാത്താപത്തിന്റെയും തിരിച്ചറിവിന്റെയും പാതയിലാണ്. കല്ലെറിഞ്ഞാൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുകയുള്ളു എന്നാണ് തന്റെ പതിനാറാമത്തെ വയസിൽ കരുതിയതെന്നും പോലീസും കോടതിയും വളഞ്ഞപ്പോഴാണ് യാഥാർഥ്യം മനസിലായതെന്നും കാശ്മീരി യുവാവായ ആദിൽ ഫാറൂഖ് പറയുന്നു.

Related Articles

Latest Articles