പശ്ചിമേഷ്യൻ സംഘർഷം എന്നവസാനിക്കുമെന്ന അനിശ്ചിതത്വം തുടരുകയാണ്. ഈ സംഘർഷം ഒട്ടനവധി സങ്കീർണ്ണമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കാത്ത രാജ്യങ്ങളെയാണ് ഈ സങ്കീർണ്ണതകൾ ഏറെ ബാധിക്കുന്നത് എന്നതാണ് ഖേദകരം. പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ അനാവശ്യമായ ഗർഭധാരണത്തിന് കാരണമാകും എന്ന വാർത്തയാണ് പുറത്തുവരുന്നത്. ലോകമെമ്പാടും ചരക്ക് നീക്കത്തെ യുദ്ധം ബാധിച്ചുകഴിഞ്ഞു. പ്രധാനമായും പെട്രോളിയം പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങളുടെ നീക്കമാണ് തടസപ്പെട്ടിരിക്കുന്നത്. യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോൾ സപ്ലൈ ശൃഖലയിലെ പ്രശ്നങ്ങൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ അനാവശ്യ ഗർഭധാരണത്തിന് കരണമാകുന്നതെങ്ങനെ ?
ലോകമെമ്പാടുമുള്ള പെട്രോളിയം അധിഷ്ഠിത വ്യവസായങ്ങൾ യുദ്ധം കാരണം ഇതിനോടകം പ്രതിസന്ധിയിലായിട്ടുണ്ട്. ഇന്ത്യയിലെ ഗർഭനിരോധ ഉറ ഉൽപ്പാദന മേഖലയും അതിലൊന്നാണ്. 8600 കോടിയുടെ വിറ്റുവരവാണ് ഇന്ത്യയിൽ ഈ മേഖലയിലുള്ളത്. 400 കോടി കോണ്ടമാണ് ഇന്ത്യൻ കമ്പനികൾ ഓരോ വർഷവും ഉൽപ്പാദിപ്പിക്കുന്നത്. ഈ കമ്പനികളെല്ലാം ഇന്ന് പ്രധാനപ്പെട്ട അസംസ്‌കൃത വസ്‌തുക്കളുടെ ദൗർലഭ്യം നേരിടുന്നുണ്ട്. കോണ്ടത്തിന് ലൂബ്രിക്കന്റ് നൽകുന്ന സിലിക്കൺ ഓയിൽ, ലാറ്റെക്സിന് കട്ടി നൽകുന്ന അമോണിയ തുടങ്ങിയ അസംസ്‌കൃത വസ്തുക്കൾക്കാണ് ഇന്ന് ദൗർലഭ്യം നേരിടുന്നത്. ഈ അസംസ്‌കൃത വസ്തുക്കൾക്ക് 40 മുതൽ 50 ശതമാനം വരെ വിലവർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. പാക്കിങ് അസംസ്‌കൃത വസ്തുക്കളായ പി വി സിയ്ക്കും അലൂമിനിയം ഫോയിലിനും വില ഉയരുകയാണ്.
ഗർഭ നിരോധന ഉറയുടെ പ്രധാന ഉൽപ്പാദകരായ എച് എൽ എൽ ലൈഫ് കെയർ, മാൻ കൈൻഡ് ഫാർമ, ക്യൂപിഡ് തുടങ്ങിയവർക്കെല്ലാം ഓർഡറുകൾക്ക് അനുസരിച്ച് ഉത്പാദനം നടത്താൻ കഴിയാത്ത സാഹചര്യമുണ്ട്. അസംസ്‌കൃത വസ്‌തുക്കളുടെ ദൗർലഭ്യവും വിലക്കയറ്റവുമാണ് മേഖലയെ നിലവിൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ദൗർലഭ്യത്തെ തുടർന്ന് പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ വിതരണത്തിൽ കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്‌തു. കോണ്ടം ഉൾപ്പെടെയുള്ള ചില മേഖലകൾക്ക് വിതരണത്തിൽ 35 ശതമാനം വരെ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. ഗര്ഭനിരോധന ഉറകളുടെ ദൗർലഭ്യവും വിലക്കയറ്റവും അനാവശ്യ ഗർഭധാരണത്തിലുള്ള വർദ്ധനവിലേക്കും എച് ഐ വി പോലുള്ള ലൈംഗീക രോഗങ്ങളുടെ വ്യാപനത്തിലേക്കും നയിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

