Saturday, January 10, 2026

തമിഴ്‌നാട്ടിൽ DMKയാണെങ്കിൽ ദേശീയ തലത്തിൽ കോൺഗ്രസാണ് അഴിമതിയുടെ കേന്ദ്രമെന്ന് അമിത് ഷാ !

പ്രതിപക്ഷ പാർട്ടികളിലെ കുടുംബാധിപത്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇപ്പോൾ പ്രതിപക്ഷത്തുള്ള പാർട്ടികളാണ് ഒരു കാലത്ത് രാജ്യത്തെ അഴിമതിയിൽ മുക്കിക്കൊണ്ടിരുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെയാണെങ്കിൽ ദേശീയ തലത്തിൽ കോൺഗ്രസായിരുന്നു അഴിമതിയുടെ കേന്ദ്രമെന്നും അമിത് ഷാ തുറന്നടിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാത്രമല്ല കോൺഗ്രസും ഡിഎംകെയും 3ജി, 4ജി പാർട്ടികളാണ്. ഡിഎംകെയെ നയിക്കുന്നത് ഒരു കുടുംബത്തിന്റെ മൂന്നാം തലമുറയാണെങ്കിൽ കോൺഗ്രസ് ഭരിക്കുന്നത് നെഹ്‌റു കുടുംബത്തിന്റെ നാലാം തലമുറയാണ്. കരുണാനിധി കുടുംബത്തിലെ മൂന്നാം തലമുറയാണ് അഴിമതി നടത്തുന്നതെങ്കിൽ കോൺഗ്രസിൽ അത് നാലാം തലമുറയിൽപ്പെട്ട രാഹുലാണ്. ഈ 3ജി, 4ജി പതിറ്റാണ്ടുകളായി രാജ്യത്തെ ചൂഷണം ചെയ്ത് ജീവിക്കുകയാണെന്നും അമിത് ഷാ തുറന്നടിച്ചു.

അതുമാത്രമല്ല, രാജ്യത്തിനെതിരായ നയമാണ് ഇരുപാർട്ടികളും സ്വീകരിച്ചിട്ടുള്ളത്. കശ്മീർ വിഭജനത്തിനെതിരെ നിലപാട് സ്വീകരിച്ചത് അതിന് ഉദാഹരണമാണ്. കശ്മീർ നമ്മുടേതാണെന്നിരിക്കെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർത്തത് എന്തുകാരണത്താലാണെന്ന് ഡിഎംകെ വ്യക്തമാക്കണം. നിരന്തരം കർഫ്യുകൾ നടപ്പിലാക്കി കശ്മീരിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് യുപിഎ ഭരണകാലത്തുണ്ടായിരുന്നത്. എന്നാൽ ഇന്ന് കശ്മീരിൽ സമാധാനാന്തരീക്ഷം സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചതായും അമിത് ഷാ വ്യക്തമാക്കി. 2024 ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25 സീറ്റുകളിൽ ബിജെപി മത്സരിക്കുമെന്നും ഭാവിയിൽ തമിഴ്‌നാട്ടിൽ നിന്നും ഒരു പ്രധാനമന്ത്രിയുണ്ടാകുമെന്നും അമിത് ഷാ വ്യക്തമാക്കി.

യുപിഎ സർക്കാരിന്റെ കാലത്ത് പലരും ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറി ജനങ്ങൾക്കെതിരായി പ്രവർത്തിക്കുകയും ഭീകരത അഴിച്ചുവിടുകയും ചെയ്തുവെന്നും അമിത് ഷാ തുറന്നടിച്ചു. എന്നാൽ അവർക്കെതിരെ വിരൽ ചൂണ്ടാൻ പോലും മൻമോഹൻ സർക്കാരിന് ധൈര്യമില്ലായിരുന്നു. എന്നാൽ കഴിഞ്ഞ ഒമ്പത് വർഷത്തെ ഭരണത്തിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ അക്ഷീണം പ്രയത്‌നിച്ചു. ഉറി, പുൽവാമ ഭീകരാക്രമണങ്ങൾ നടന്ന് പത്ത് ദിവസത്തിനകം അതിർത്തി കടന്നെത്തിയ ഭീകരർക്ക് മറുപടി നൽകാൻ മോദിയുടെ നേതൃത്വത്തിന് സാധിച്ചു. ശത്രുവിന്റെ വീട്ടിൽ കയറി സർജിക്കൽ സ്‌ട്രൈക്ക് നടത്തിയ ഇന്ത്യ വ്യക്തമായ മറുപടി നൽകുകയും ചെയ്തു. കൂടാതെ മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് സർക്കാരിനെതിരെയും അമിത് ഷാ വിമർശനം ഉന്നയിച്ചു. സാമൂഹ്യവിരുദ്ധരുടെ താവളമായി വിശാഖപ്പട്ടണം മാറിയെന്നും ഭരണകക്ഷിയിൽപ്പെട്ട ആളുകൾ തന്നെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും അമിത് ഷാ പറഞ്ഞു. വികസനത്തിന് വേണ്ടി കേന്ദ്രസർക്കാർ അനുവദിക്കുന്ന ഫണ്ട് ആന്ധ്രാപ്രദേശ് സർക്കാർ കൊള്ളയടിക്കുകയാണെന്നും അമിത് ഷാ തുറന്നടിച്ചു.

Related Articles

Latest Articles