Sunday, June 2, 2024
spot_img

അമിത് ഷാ അസമിലേക്ക്; ദേശീയ പൗരത്വ രജിസ്റ്ററിൻറെ കാര്യത്തിൽ തീരുമാനമാക്കും!

ദില്ലി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അസം സന്ദർശിക്കും. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് അസമിൽ ഉയരുന്ന പ്രതിഷേധങ്ങൾ തണുപ്പിക്കാനും സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്താനുമാണ് അമിത് ഷായുടെ നീക്കം. ഈ മാസം എട്ടിന് അസമിലെത്തുന്ന അമിത് ഷാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സുരക്ഷ സാഹചര്യങ്ങൾ ചർച്ചചെയ്യും. ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമപട്ടികയിൽ ഉൾപ്പെടാത്തവരെ തടവിലാക്കുകയോ മറ്റ് നടപടികളെടുക്കുകയോ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവർക്ക് മതിയായ രേഖകൾ നൽകി ഇവർ പൗരത്വം തെളിയിക്കാൻ അവസരമുണ്ട്. സാധാരണ പൗരന്മാർക്കുള്ള എല്ലാ സർക്കാർ ആനുകൂല്യങ്ങളും ഇവർക്ക് തുടർന്നും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അനർഹരെ ഒഴിവാക്കാൻ നിയമനിർമ്മാണം നടത്തുന്ന കാര്യവും കേന്ദ്രത്തിന്റെ പ്രഥമ പരിഗണനയിലുണ്ട്. പാർലമെന്റിന്റെ പരിഗണനയിലുള്ള പൗരത്വ ബിൽ പിൻവലിച്ച് പുതിയ ബിൽ അവതരിപ്പിക്കാനും സാദ്ധ്യതയുണ്ട്. അതിനിടെ, പൗരത്വ റജിസ്റ്ററിനെതിരെ ഈ മാസം 12ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയിൽ പ്രതിഷേധ റാലി നടത്തും. അതേസമയം മഹാരാഷ്ട്രയിലും പൗരത്വ രജിസ്റ്റർ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയും ശിവസേന നേതാവുമായ അരവിന്ദ് ഗൺപത് സാവന്ത് രംഗത്തുവന്നു.

Related Articles

Latest Articles