കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇന്ന് 56 ആം പിറന്നാൾ. നരേന്ദ്ര മോദി യുഗം ബിജെപിക്ക് സമ്മാനിച്ച പുത്തനുണർവിന് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ ചാണക്യനാണ് അദ്ദേഹം. പ്രായത്തിൽ കവിഞ്ഞ കുശാഗ്രബുദ്ധി. അതിശയകരമായ സംഘാടകശക്തിയാണ് അമിത് ഷായെ പാര്‍ട്ടിയിലെ പ്രബലനും മോദിയുടെ വിശ്വസ്തനും ദേശീയ അധ്യക്ഷനുമൊക്കെ ആക്കിയത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം അടുത്ത അമ്പത് വര്‍ഷത്തേക്ക് ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ ആര്‍ക്കുമാകില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. അഹങ്കാരം കൊണ്ടു പറയുന്നതല്ല, പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് അമിത്ഷായുടെ ആത്മവിശ്വാസമെന്നായിരുന്നു കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ രവിശങ്കര്‍ പ്രസാദ് ഈ പ്രസ്താവനയെ പിന്തുണച്ച് അന്ന് പറഞ്ഞത്.
1964 ഒക്ടോബർ 22 നു ബോംബെയിലെ ഒരു ഗുജറാത്തി-ബനിയ കുടുംബത്തിലാണ് അമിത് ഷാ ജനിച്ചത്.പിതാവ് അനിൽചന്ദ്ര ഷാ ഒരു ബിസിനസ്സുകാരനായിരുന്നു. ബോംബെയിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, ഉപരിപഠനത്തിനായി ഗുജറാത്തിലേക്കു പോയി. അഹമ്മദാബാദിലെ യു.സി.ഷാ കോളേജിൽ ബയോകെമിസ്ട്രിയിൽ അദ്ദേഹം പ്രവേശനം നേടി. ബിരുദം പൂർത്തിയാക്കിയ ശേഷം, പിതാവിനെ വ്യാപാരത്തിൽ സഹായിക്കാൻ തുടങ്ങി. അഹമ്മദാബാദിലെ സഹകരണ സംഘങ്ങളിൽ ഓഹരി ദല്ലാളായും അമിത് ജോലി ചെയ്തിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഷാ, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകനായിരുന്നു. അയൽപക്കത്തുള്ള ശാഖകളിൽ ഷാ, സ്ഥിരം സാന്നിദ്ധ്യമായിരുന്നു.

