ദില്ലി: തമിഴ്‌നാട്ടിലും കേരളത്തിലും തെലുങ്കാനയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി. കായികതാരം പി.ടി ഉഷ കേരളത്തില്‍നിന്നും ,സംഗീതജ്ഞന്‍ ഇളയരാജ തമിഴ്‌നാട്ടില്‍നിന്നും , ധര്‍മസ്ഥല ക്ഷേത്ര ധര്‍മാധികാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഡി.വീരേന്ദ്ര ഹെഗ്‌ഡെ കര്‍ണാടകയില്‍ നിന്നും, തിരക്കഥാകൃത്തും സംവിധായകനുമായ വി.വിജയേന്ദ്ര പ്രസാദ് തെലങ്കാനയില്‍നിന്നും എന്നിങ്ങനെ ദക്ഷിണേന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ നിന്ന് നാലു പ്രമുഖരെ രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം ചെയ്തിരിക്കുകയാണ് ബിജെപി. ദക്ഷിണേന്ത്യക്കാരനേയും ഉപരാഷ്ട്രപതിയായി പരിഗണിച്ചേക്കും.
ബിജെപി സർക്കാരിന്റെ ദക്ഷിണേന്ത്യന്‍ സ്വപ്നങ്ങളിൽ ഒന്നാണ് ഒളിംപ്യന്‍ താരം പി.ടി.ഉഷയടക്കമുള്ളവരുടെ രാജ്യസഭാംഗത്വം. പാര്‍ട്ടിയെ ദക്ഷിണേന്ത്യയില്‍ ശക്തിപ്പെടുത്തുക എന്നതാണ് ഉദ്ദേശം. ഉപരാഷ്ട്രപതി സ്ഥാനവും ദക്ഷിണേന്ത്യാക്കാരന് നല്‍കുന്നത് പരിഗണനയിലാണ്. കേരളത്തിലും ബിജെപി കേന്ദ്ര നേതൃത്വം കൂടുതല്‍ സജീവമാകും. ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കുകയാണ് ലക്ഷ്യം. ക്രൈസ്തവ ഭൂരിപക്ഷ പ്രദേശമായ ഗോവയില്‍ ബിജെപി ഭരണമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്ക് മുന്‍തൂക്കമുണ്ട്. ഈ മോഡല്‍ കേരളത്തിലും സജീവമാക്കും.
അടുത്ത കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും. പി ടി ഉഷയെ അടക്കം മന്ത്രിയാക്കാന്‍ സാധ്യത ഏറെയാണ്. സുരേഷ് ഗോപിയെ അടക്കം മുന്നില്‍ നിര്‍ത്തി കേരളത്തില്‍ വോട്ട് കൂട്ടാമെന്നാണ് പ്രതീക്ഷ. പാര്‍ട്ടിയെ അടിമുടി ഉടച്ചു വാര്‍ക്കുന്നതും പരിഗണനയിലാണ്. എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകുന്ന രാഷ്ട്രീയം കൊണ്ടു വരും. ആര്‍ എസ് എസുമായി ആലോചിച്ച് കേരളത്തില്‍ അടക്കം മാറ്റങ്ങള്‍ അതിവേഗം കൊണ്ടു വരാനാണ് ശ്രമം.
അതിനായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ കേരളത്തില്‍ പാര്‍ട്ടി പരിപാടിക്കെത്തും. തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ സന്ദര്‍ശനം നടത്തും. പതിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി ഹൈദരാബാദില്‍ നടത്താന്‍ തീരുമാനിച്ചതും ഇതേ ലക്ഷ്യത്തോടെയായിരുന്നു. കേന്ദ്രത്തിലെ അധികാരത്തുടര്‍ച്ചയ്ക്കു ദക്ഷിണേന്ത്യയില്‍നിന്ന് അധിക സീറ്റുകള്‍ കിട്ടിയേ മതിയാകൂ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത ഈസ്റ്റില്‍ നിന്നും പരമാവധി സീറ്റുകള്‍ ബിജെപി നേടാനായി.

