Friday, May 17, 2024
spot_img

ധോണിയിലെ കാട്ടാന ആക്രമണത്തിൽ ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം; ആനയെ മയക്കുവെടി വെക്കാൻ തീരുമാനം; ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍

പാലക്കാട്: ധോണിയിൽ പുലർച്ചെ നടക്കാനിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥ അനാസ്ഥയാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. ഡിഎഫ്ഒ ഓഫീസിന് മുന്നിൽ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാൻ അധികൃതർ സ്ഥലത്തെത്തുകയും സ്ഥലം എംഎൽഎ, ആർഡിഒ ,ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയും ചെയ്തു. ചർച്ചയിൽ ആനയെ മയക്കുവെടി വെക്കാൻ തീരുമാനമായി. രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൂടാതെ മരിച്ച ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചു. ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എ കെ.ശശീന്ദ്രൻ അറിയിച്ചു. ജില്ലാ കളക്ടറോട് പ്രതിഷേധക്കാരുമായി സംസാരിക്കാൻ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.

ദാരുണ സംഭവമുണ്ടായത് ഇന്ന് രാവിലെയാണ് . സുഹൃത്തുക്കൾക്കൊപ്പം പ്രഭാത സവാരിക്കിറങ്ങിയ ആളെ ആന ചവിട്ടി കൊല്ലുകയായിരുന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമനും നടക്കാനിറങ്ങിയത്. സംഘത്തിൽ മുന്നിൽ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles