Tuesday, November 3, 2026

ദുരന്തമുഖത്ത് നേപ്പാളിന് കൈത്താങ്ങായി ഭാരതം; 10 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം പുറപ്പെട്ടു; സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

ന്യൂദില്ലി: വൻ ദുരന്തത്തിൽ വിറങ്ങലിച്ച നേപ്പാളിന് സഹായഹസ്തവുമായി ഭാരതം. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ 10 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ വിമാനം നേപ്പാളിലേക്ക് പുറപ്പെട്ടു.താൽക്കാലിക ഷെൽട്ടറുകൾ, പുതപ്പുകൾ, ജീവൻരക്ഷാ മരുന്നുകൾ തുടങ്ങി ദുരിതബാധിതർക്ക് അടിയന്തരമായി ആവശ്യമായ വിവിധ സാമഗ്രികളാണ് ഭാരതം എത്തിക്കുന്നത്. 2015ലെ മഹാഭൂകമ്പത്തിന് ശേഷം നേപ്പാൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായാണ് നിലവിലെ സാഹചര്യം വിലയിരുത്തപ്പെടുന്നത്.

രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി ഇന്ത്യൻ വ്യോമസേനയുടെ സി-17, സി-130 ജെ, സി-295 ഉൾപ്പെടെയുള്ള ട്രാൻസ്പോർട്ട് വിമാനങ്ങളും സജ്ജമായി നിർത്തിയിട്ടുണ്ട്. കൂടുതൽ സഹായ സാമഗ്രികളും രക്ഷാപ്രവർത്തന സംഘങ്ങളും ആവശ്യാനുസരണം നേപ്പാളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാരതം.

ഇതിനിടെ, ദുരിതബാധിതർക്കായി ഭാരതം സമയോചിതമായി നൽകിയ സഹായത്തിന് നേപ്പാൾ നേതൃത്വം നന്ദി അറിയിച്ചു. മാനുഷിക സഹായവും മെഡിക്കൽ സാമഗ്രികളുടെ വിതരണവും ഉൾപ്പെടെയുള്ള പിന്തുണയ്ക്ക് ഭാരത സർക്കാരിനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും നേപ്പാൾ വിദേശകാര്യ മന്ത്രി ഷിസിർ ഖനാൽ സാമൂഹികമാധ്യമമായ എക്സിലൂടെ നന്ദി രേഖപ്പെടുത്തി.ഈ ദുഷ്കരമായ സമയത്ത് ഭാരതം നടത്തിയ അതിവേഗ ഇടപെടൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ശക്തമായ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles