Friday, April 19, 2024
spot_img

ചെങ്ങന്നൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ റിങ് ഇടിഞ്ഞ് വയോധികനായ തൊഴിലാളിയെ ഏഴു മണിക്കൂറിന് ശേഷവും പുറത്തെടുക്കാനായില്ല; രക്ഷാപ്രവർത്തനം തുടരുന്നു

ആലപ്പുഴ: ചെങ്ങന്നൂരിനു സമീപം കിണർ വൃത്തിയാക്കുന്നതിനിടെ കിണറിന്റെ സിമന്റ് ഉറ (റിങ്) ഇടിഞ്ഞു വീണ് കിണറിനുള്ളിൽ കുടുങ്ങിയ വയോധികനായ തൊഴിലാളിയെ ഏഴു മണിക്കൂറിനു ശേഷവും പുറത്തെടുക്കാനായില്ല. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിശമന സേനയും യോഹന്നാനെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഏഴ് മണിക്കൂറായി തുടരുകയാണ്. മന്ത്രി സജി ചെറിയാനും എംപി കൊടിക്കുന്നിൽ സുരേഷും അടക്കമുള്ളവരും സ്ഥലത്തെത്തിയിട്ടുണ്ട്. മഴപെയ്യാനുള്ള സാധ്യത രക്ഷാപ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72 ) ആണ് കിണറിനുളളിൽ അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണു ഉറ ഇടിഞ്ഞ് യോഹന്നാൻ കിണറിനുള്ളിൽ അകപ്പെട്ടത്.

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കോടുകുളഞ്ഞി ജംഗ്ഷനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു യോഹന്നാൻ . കിണറിനുള്ളിൽ വളർന്നു നിന്ന ചെടികൾ പറിച്ച് വൃത്തിയാക്കുന്നതിനിടെ കിണറിന്‍റെ സിമിന്‍റ് ഉറകൾ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് വശങ്ങളിലേക്ക് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും താഴേക്കു വീണ റിംഗുകൾക്കടിയിൽ യോഹന്നാന്‍റെ കാലുകൾ കുടുങ്ങുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ സമീപവാസികൾ രക്ഷാപ്രവർത്തനമാരംഭിച്ചെങ്കിലും വിജയിച്ചില്ല. സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ജെ സി ബി ഉപയോഗിച്ച് റിംഗുകൾ ഉയർത്തി ആളെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇപ്പോൾ സമാന്തരമായി കുഴിയെടുത്ത് രക്ഷിക്കാനാണ് ശ്രമിക്കുന്നത്. മാവേലിക്കര , ഹരിപ്പാട് എന്നിവടങ്ങളിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് ടീമുകളാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്. വെണ്മണി, ചെങ്ങന്നൂർ സ്റ്റേഷനുകളിൽനിന്നുളള പൊലിസ് സംഘവും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Latest Articles