Thursday, May 16, 2024
spot_img

തമിഴ്നാട്ടിലെ രാമേശ്വരത്ത് ശ്രീലങ്കയില്‍ നിന്നുള്ള വൃദ്ധ ദമ്പതികളെ അബോധാവസ്ഥയില്‍ കണ്ടെത്തി;കോതണ്ഡരാമര്‍ ബീച്ചിന് സമീപമാണ് വൃദ്ധ ദമ്പതികളെ പ്രദേശവാസികള്‍ കണ്ടത്;സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് വൃദ്ധ ദമ്പതികള്‍ ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തത്

തമിഴ്നാട്ടിലെ രാമേശ്വരത്ത് ശ്രീലങ്കയില്‍ നിന്നുള്ള വൃദ്ധ ദമ്പതികളെ അബോധാവസ്ഥയില്‍ കണ്ടെത്തി. കോതണ്ഡരാമര്‍ ബീച്ചിന് സമീപമാണ് ദമ്പതികളെ പ്രദേശവാസികള്‍ കണ്ടത്. വസ്ത്രങ്ങളും ബാഗും മറ്റു സാധനങ്ങളും ഇവര്‍ക്കരികിലുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ മറൈന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ ശ്രീലങ്കന്‍ പൗരന്‍മാരായ ശിവന്‍ (82), ഭാര്യ പരമേശ്വരി (75) എന്നിവരാണെന്ന് തിരിച്ചറിഞ്ഞത്. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ആംബുലന്‍സില്‍ ദമ്പതികളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് വൃദ്ധ ദമ്പതികള്‍ ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ഞായറാഴ്ച വൈകിട്ട് മാന്നാറില്‍ നിന്നും ബോട്ടില്‍ കയറിയ ഇവര്‍ രാത്രി വൈകി ഗോതണ്ഡരാമര്‍ കടപ്പുറത്തെത്തുകയായിരുന്നു. എങ്ങോട്ട് പോകണമെന്നറിയാതെ കടല്‍ത്തീരത്ത് ഒറ്റപ്പെട്ടു നിന്ന ദമ്പതികള്‍ ക്ഷീണം മൂലം കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ആരോഗ്യസ്ഥിതി വീണ്ടെടുത്താല്‍ ഇവരെ മണ്ഡപം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് അയക്കാനാണ് അധികൃതരുടെ തീരുമാനം. ശ്രീലങ്കയോട് ഏറ്റവും അടുത്തുള്ള ഇന്ത്യന്‍ നഗരമാണ് രാമേശ്വരം. ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലെത്താന്‍ ഏറ്റവും അടുത്തുള്ള സ്ഥലം കൂടിയാണിത്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയാണ് പലായനത്തിന് കാരണമായത്. മാര്‍ച്ച് 22 മുതല്‍ ഇതുവരെ 92 ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികളാണ് തമിഴ്‌നാട്ടില്‍ അഭയം തേടി എത്തിയത്.

Related Articles

Latest Articles