Monday, May 6, 2024
spot_img

ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണത്തിൽ കൂടുതൽ അറസ്റ്റ്;എഫ്ഐആറിൽ വധശ്രമം കൂടി ചേർത്ത് പൊലീസ്;ജിഷ്‌ണുവിനെ അതിക്രൂരമായി മർദിച്ച ശേഷം വെള്ളത്തിൽ മുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് വധശ്രമം കൂടി ചുമത്തിയത്.

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസിൽ രജിസ്റ്റർ ചെയ്‌ത എഫ്ഐആറിൽ വധശ്രമം (307) കൂടി ചേർത്ത് പൊലീസ്. ജിഷ്‌ണുവിനെ അതിക്രൂരമായി മർദിച്ച ശേഷം വെള്ളത്തിൽ മുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് വധശ്രമം കൂടി ചുമത്തിയത്. കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളായിരുന്നു ആദ്യം പൊലീസ് എഫ്ഐആറിൽ ചേർത്തിരുന്നത്.അതേസമയം ആള്‍ക്കൂട്ട ആക്രമണക്കേസില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. സുല്‍ഫി, ജുനൈദ്, റംഷാദ് എന്നിവരുടെ അറസ്റ്റാണ് ബാലുശ്ശേരി പോലീസ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം 9 ആയി. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെയാണ് അതിക്രൂരമായി മര്‍ദ്ദനമേറ്റത്.

എസ്.ഡി.പി.ഐ.യുടെ ഫ്ളെക്സ് കീറിയെന്നാരോപിച്ച് വ്യാഴാഴ്ച അര്‍ധരാത്രി ഒരു മണിയോടെയാണ് അമ്പതോളം പേരടങ്ങിയ അക്രമിസംഘം ജിഷ്ണുരാജിനെ ക്രൂരമായി മര്‍ദിച്ചത്. പ്രദേശത്ത് മുന്‍പുനടന്ന സമാനസ്വഭാവമുള്ള സംഭവങ്ങള്‍ക്കുപിന്നിലും താനാണെന്ന് ജിഷ്ണുരാജ് കുറ്റസമ്മതം നടത്തുന്ന വീഡിയോയും അക്രമികള്‍ പ്രചരിപ്പിച്ചിരുന്നു.

ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എസ്ഡിപിഐ നേതാവായ സഫീര്‍ എന്നയാളാണ് ജിഷ്ണുവിനെ മുക്കികൊല്ലാന്‍ ശ്രമിച്ചത്. ഇയാള്‍ ഒളിവിലാണ്. വെള്ളത്തില്‍ മുക്കിയതിന് ശേഷം ക്രൂരമായി മര്‍ദ്ദിക്കുന്നതും പേരുകള്‍ പറയിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആയുധ പരിശീലനം ലഭിച്ചവരാണ് അക്രമത്തിനു പിന്നിലെന്ന ഡിവൈഎഫ്ഐയുടെ ആരോപണങ്ങള്‍ക്കിടെയാണ് പുതിയ തെളിവുകള്‍ പുറത്തുവന്നത്.

റോഡില്‍വെച്ച് മര്‍ദിച്ച് അവശനാക്കിയശേഷമാണ് സമീപത്തെ തോട്ടിലേക്ക് കൊണ്ടുപോയത്. ചില സി.പി.എം. നേതാക്കളുടെ പ്രേരണയാലാണ് താന്‍ ഇതൊക്കെ ചെയ്തതെന്നും അവരുടെ പേരുപറയാന്‍ തയ്യാറാണെന്നും ചെളിയില്‍ മുക്കുന്നതിനിടെ ജിഷ്ണു സമ്മതിക്കുന്നതായി വീഡിയോയിലുണ്ട്. ഇതിനുശേഷമാണ് തിരികെ റോഡിലെത്തിച്ച് കുറ്റസമ്മതംനടത്തുന്ന വീഡിയോ പകര്‍ത്തിയത്.

ഗുരുതരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവംനടന്ന് മൂന്നുദിവസം പിന്നിട്ടിട്ടും കേസിലെ പ്രധാന പ്രതികളായ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്യാത്തതില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

Related Articles

Latest Articles