തിരുവനന്തപുരം : നഗരൂരിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ മിസോറം സ്വദേശിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തി. രാജധാനി എഞ്ചിനിയറിംഗ് കോളേജിലെ നാലാം വർഷ ബി ടെക് വിദ്യാർത്ഥി വാലന്‍റൈൻ ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മൂന്നാം വർഷ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയും മിസോറാം സ്വദേശിയുമായ ലോമയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി,
ഇന്നലെ രാത്രി പത്തരയോടെ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരിക്കുന്നതിനിടയിലാണ് വാലന്‍റൈനും ലോമയും തമ്മിൽ വാക്കുതർക്കമുണ്ടാകുന്നത് ഇത് പിന്നാലെ കയ്യാങ്കളിയിലെത്തി. പിന്നാലെ ലോമ പുറത്ത് പോയി, വാലന്‍റൈനിനെ ഫോണിൽ വിളിച്ച് പുറത്തേക്ക് വരുത്തി. വീണ്ടും കയ്യാങ്കളിയുണ്ടായി. ഇതിനിടയിലാണ് കയ്യിൽ കരുതിയ കത്തി കൊണ്ട് ലോമ വാലൻറൈനിന്റെ നെഞ്ചിൽ കുത്തി ഓടി രക്ഷപ്പെട്ടത്.
വാലന്‍റൈനിനെ സുഹൃത്തുക്കൾ ആദ്യം കല്ലമ്പല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലുമെത്തിച്ചു. ചികിത്സയിലിരിക്കെയാണ് പുലർച്ചെ ഒന്നരയോടെ മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി ലോമയെ നഗരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ലോമയും കൊല്ലപ്പെട്ട വാലന്‍റൈനും തമ്മിൽ നേരത്തെ കോളേജിൽവെച്ച് നിരവധി വട്ടം പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസത്തെ തർക്കമെന്ന് പോലീസ് വ്യക്തമാക്കി. വാലന്‍റൈന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.

