കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോകുന്നതിനും ഒരു മണിക്കൂർ മുൻപ് മറ്റൊരു കുട്ടിയെയും സംഘം ലക്ഷ്യമിട്ടിരുന്നതായി സൂചന. അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് മുൻപ് പള്ളിക്കൽ മൂതല ഭാഗത്തെ സിസിടിവികളിൽ പതിഞ്ഞ ദുരൂഹതയുണർത്തുന്ന വെള്ള കാറിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഒറ്റയ്ക്ക് നിൽക്കുന്ന കുട്ടിയുടെ അടുത്തേക്ക് വരുന്ന വാഹനം പെട്ടെന്ന് തന്നെ വേഗം കുറയ്ക്കുന്നതും, കുട്ടിയുടെ അമ്മ വരുന്നതു കണ്ട് വേഗതകൂട്ടി പോകുന്നതും ദൃശ്യത്തിലുണ്ട്.
സംഭവം നടന്ന് ഒരു മണിക്കൂർ കഴിഞ്ഞതോടെയാണ് കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്ന് അബിഗേലിനെ സംഘം തട്ടിക്കൊണ്ടുപോകുന്നത്. മുത്തശിയാണ് കുട്ടികളെ സാധാരണ ട്യൂഷനു കൊണ്ടാക്കുന്നത്. മുത്തശി ഫോൺ എടുക്കാൻ വീട്ടിലേക്കു കയറിയപ്പോൾ കുട്ടികൾ റോഡിലേക്കിറങ്ങുകയായിരുന്നു. കുട്ടികളുടെ വീട്ടിൽനിന്ന് ട്യൂഷൻ എടുക്കുന്ന വീട്ടിലേക്ക് ഏകദേശം 200 മീറ്ററാണ് ദൂരം. മുൻപും ഈ കാർ ഇവിടെ കണ്ടിരുന്നതായി കുട്ടികൾ വീട്ടുകാരോട് പറഞ്ഞിരുന്നു. വെള്ള നിറത്തിലുള്ള കാർ സ്ഥലത്ത് ചുറ്റിത്തിരിയുന്നതായി നാട്ടുകാരിൽ ചിലരും പോലീസിനെ അറിയിച്ചിട്ടുണ്ട്.

