Sunday, May 5, 2024
spot_img

ഗർഭസ്ഥ ശിശു മരിച്ച സംഭവം; മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു, സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണമുന്നയിച്ച് ബന്ധുക്കൾ

തിരുവനന്തപുരം: കാട്ടാക്കട ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. കാട്ടാക്കട തഹസിൽദാർ നന്ദകുമാരൻ്റെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. കിള്ളി ജമാഅത്തിലെ ഖബറിസ്ഥാനിൽ പേലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തത്.

     പരിശോധനാ ഫലം പുറത്ത് വന്നതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണം വീട്ടിൽ സെയ്യദ് അലിയുടെ ഭാര്യ ഫാത്തിമ മിന്നത്തിൻ്റെ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിലാണ് ആശുപത്രിക്കെതിരെ ആരോപണം ഉയർന്നത്. 

      നവംബർ 19-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഏഴ് മാസം ഗർഭിണിയായിരുന്ന യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ, കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ഉന്നയിച്ച് എസ്എ,ടി ആശുപത്രിയിലേക്ക് അധികൃതർ റഫർ ചെയ്യുകയായിരുന്നു. എസ്.എ.ടി ആശുപത്രിയിൽ എത്തിയപ്പോൾ ഗർഭസ്ഥശിശു രണ്ട് മണിക്കൂർ മുമ്പ് മരിച്ചതായി അധികൃതർ അറിയിച്ചു.

       ഇതിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രിയുടെ വീഴ്ച അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സെയ്യദ് അലി പോലീസിൽ പരാതി നൽകിയത്. രണ്ട് ആഴ്ചയ്‌ക്കിടെ വയറുവേദനയെ തുടർന്ന് മൂന്നു തവണ യുവതി ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രിയിൽ നിന്നുണ്ടായ ചികിത്സാപിഴവാണ് കുഞ്ഞു മരിക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

Related Articles

Latest Articles