കന്യാകുമാരി: വെങ്ങാനൂർ പൗർണ്ണമിക്കാവിൽ മാർച്ച് 31 മുതൽ ഏപ്രിൽ 06 വരെ നടക്കാനിരിക്കുന്ന പ്രപഞ്ചയാഗത്തിന്റെ മുന്നോടിയായുള്ള പഞ്ചഭൂത ശക്തി പൂജയ്ക്ക് കന്യാകുമാരിയുടെ പവിത്രഭൂമിയിൽ ഭക്തി നിർഭരമായ തുടക്കം. ആർഷഭാരതത്തിലെ 108 മഹാക്ഷേത്രങ്ങളിൽ നിന്നുള്ള മണ്ണും ജലവും പഞ്ചഭൂത പ്രതീകമായി പൗർണ്ണമിക്കാവിലേക്ക് എത്തിക്കും. ഈ മഹത്കർമ്മത്തിനാണ് ഇന്ന് ത്രിവേണി സംഗമത്തിൽ തുടക്കമായത്. യജ്ഞചാര്യനായ കൈലാസപുരി സ്വാമിജിയുടെ നേതൃത്വത്തിലാണ് ശക്തിപൂജ നടന്നത്. ഇന്ത്യയിലെയും നേപ്പാളിലെയും പ്രസിദ്ധമായ ക്ഷേത്രങ്ങളിലെല്ലാം ശക്തിപൂജ നടക്കും. രാമേശ്വരത്താണ് നാളെ ശക്തിപൂജ നടക്കുക.
കലിയുഗത്തിലെ ഏറ്റവും വലിയ മഹായാഗത്തിനാണ് അനന്തപുരിയിലെ പൗർണ്ണമിക്കാവ് വേദിയാകാൻ പോകുന്നതെന്ന് സ്വാമി കൈലാസപുരി തത്വമയി ന്യൂസിനോട് പറഞ്ഞു. ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ആത്മീയതയിലാണ്. സനാതന ധർമ്മം ഈ രാഷ്ട്രത്തിന്റെ ആത്മാവാണ്. സനാതന ധർമ്മത്തിന്റെ ഉയർത്തെഴുന്നേൽപ്പ് ഇന്ന് ഭാരതത്തിലുടനീളം പ്രകടമാണ്. അയോദ്ധ്യയും മഥുരയും കാശിയുമെല്ലാം മാറിക്കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ ലോകം പൗർണ്ണമിക്കാവിലേക്ക് നോക്കുകയാണ്. ലോകകല്യാണത്തിനായി നടത്തപ്പെടുന്ന പ്രപഞ്ചയാഗം വൻവിജയമായി പരിണമിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

