കേരളത്തെ നടുക്കിയ മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതിക്ക് തൂക്ക് കയർ . സ്വത്ത് തർക്കത്തെ തുടർന്ന് അങ്കമാലി മൂക്കന്നൂരില്‍ ബന്ധുക്കളായ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി എരപ്പ് സ്വദേശി ബാബു(49)വിനെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ബാബുവിന്റെ മൂത്ത ജ്യേഷ്ഠൻ ശിവന്‍ (62), ഭാര്യ വത്സല (58), മകള്‍ സ്മിത (33) എന്നിവരാണു ഇയാളുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. സ്മിതയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയും മറ്റു രണ്ട് കൊലക്കേസുകളില്‍ ഇരട്ട ജീവപര്യന്തം തടവുമാണ് വിധിച്ചിരിക്കുന്നത്. പ്രതിക്കെതിരെ ചുമത്തിയ പതിനാല് കുറ്റങ്ങളും തെളിഞ്ഞതായി ജനുവരി 24-ന് കോടതി കണ്ടെത്തിയിരുന്നു.
2018 ഫെബ്രുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നാണ് സഹോദരനെയും കുടുംബത്തെയും ബാബു വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരനായ ശിവന്‍, ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാന്‍ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിന്‍, അപര്‍ണ എന്നിവര്‍ക്കും വെട്ടേറ്റിരുന്നു. കൊലപാതകങ്ങൾക്ക് പിന്നാലെ കൊരട്ടിയിലെ ക്ഷേത്രക്കുളത്തില്‍ സ്‌കൂട്ടറുമായി ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ പ്രദേശവാസികളും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

