തിരുവനന്തപുരം: അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. കാര്യമായ അസുഖങ്ങൾ ഒന്നുമില്ലാതിരുന്ന അനിൽ പനച്ചൂരാന്റെ മരണത്തിൽ ദുരൂഹത നീക്കണമെന്നാണ് കുടുംബാംഗങ്ങളുടെയും ആവശ്യം. കൊവിഡ് ലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു. ചെട്ടികുളങ്ങര അമ്പലത്തിലേക്ക് പോകുമ്പോൾ വഴിയിൽ തലകറങ്ങി വീണതിനെ തുടർന്ന് തട്ടാരമ്പലത്തിലെ വി.എസ്.എം ആശുപത്രിയിലാണ് അനിൽ പനച്ചൂരാനെ ആദ്യം എത്തിച്ചത്.
ഇവിടെനിന്നു പിന്നീട് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീടാണ് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ രാത്രി ഏഴരയോടെ എത്തിച്ചത്. തുടർന്ന് ഇവിടെ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 8 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിനു ശേഷം സംസ്കാരത്തിന്റെ സമയം അറിയിക്കുമെന്നാണ് റിപ്പോർട്ട്. പനച്ചൂരാന്റെ ആകസ്മിക വിയോഗം സ്വദേശമായ കായംകുളം ഞെട്ടലോടെയാണ് ശ്രവിച്ചത്.

