Monday, June 3, 2024
spot_img

‘വാക്കുകൾ കൊണ്ട് തള്ളൽ നടത്താതെ ഉദാത്തമായ പ്രവൃത്തി കൊണ്ട് മാതൃകയാകുന്നവർ..!’ ; സീമ ജി നായരെ കുറിച്ചുള്ള അഞ്ജു പാർവതിയുടെ ഫേസ്ബുക് കുറിപ്പ് വൈറൽ

പത്തുവർഷത്തോളം സ്വന്തം ജീവിതം ശരണ്യക്കു വേണ്ടി മാറ്റിവെച്ച മനുഷ്യ സ്നേഹിയാണ് അഭിനേത്രിയായ സീമ ജി നായർ. ദുഃഖിതരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി തന്റെ തുച്മായ വരുമാനത്തിൽനിന്ന് ഒരു ഭാഗം മാറ്റിവെച്ചിരുന്നു സീമ. പേരിനും പ്രശസ്തിക്കുവേണ്ടിയും പത്ത് രൂപ കൊടുത്തിട്ടു നൂറുരൂപ ആക്കി കാണിക്കുന്ന ചില പ്രാഞ്ചിയേട്ടന്മാരുണ്ട് സിനിമയിൽ. കാൻസറിനെ അതിജീവിച്ചു ജീവിതത്തിലേക്ക് നന്ദു മഹാദേവനെയും ശരണ്യയും കൊണ്ടുവരുന്നതിനു സീമ ഒരുപാടു കഷ്ടപ്പെട്ടു.രണ്ടുപേരെയും മകനും മകളെ പോലെ ചേർത്ത് പിടിച്ചു. സീമ ജി നായരെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് അഞ്ജു പാർവതി. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ കുറിപ്പ് ഇങ്ങനെയാണ്….

‘ശരിക്കും ആദരിക്കപ്പെടേണ്ടവർ , ആഘോഷിക്കപ്പെടേണ്ടവർ ഒക്കെ സീമ ജി നായരെ പോലുള്ള സെലിബ്രിറ്റികളല്ലേ ? ഹൃദയശുദ്ധിയും ആർദ്രതയും നന്മയും കൈമുതലായിട്ടുള്ള ഇവരല്ലേ യഥാർത്ഥ നന്മമരങ്ങൾ ? രോഗാവസ്ഥയിൽ അടിമുടി വേദന തിന്ന് കാലിടറി വീഴുന്നവരെ വീഴാനനുവദിക്കാതെ, ചേർത്തുപ്പിടിച്ച് ജീവിക്കാനുള്ള ആഗ്രഹമുണ്ടാക്കി മുന്നോട്ടു നടത്താൻ പ്രേരകമാവുന്ന ഇവരല്ലേ റിയൽ inspiration ? നിലപാട് പാടത്ത് തരാതരം അവസരവാദത്തിന്റെയും ഇരവാദത്തിന്റെയും വിത്തെറിഞ്ഞ് വിളവെടുപ്പ് നടത്തുന്ന ഫേക്ക് സെലിബ്രിറ്റികൾ ആഘോഷമാകുന്ന ഇക്കാലത്ത് സീമ ചേച്ചിയെ പോലുള്ളവർ വാക്കുകൾ കൊണ്ട് തള്ളൽ നടത്താതെ ഉദാത്തമായ പ്രവൃത്തി കൊണ്ട് മാതൃകയാവുന്നു.

കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി നാടകത്തിലും ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലുമായി സീമ ചേച്ചി നമുക്ക് മുന്നിലുണ്ട്. ചെറിയ കഥാപാത്രങ്ങളിൽ പോലും ചേച്ചിയുടെ സ്ക്രീൻ പ്രസൻസ് അപാരമാണ്. അവരൊരു താരമല്ല; മറിച്ച് ഒന്നാന്തരം നടിയാണ്. കഥാപാത്രങ്ങളായി അഭിനയിക്കാതെ ജീവിക്കുന്ന സീമ ചേച്ചി യഥാർത്ഥ ജീവിതത്തിൽ അഭിനയിക്കാനറിയാത്ത പച്ചയായ സ്ത്രീയാണ്. മലയാളികൾ സ്വന്തമായി കണ്ട് സ്നേഹിച്ച നന്ദുവിനെയും ശരണ്യയെയുമൊക്കെ സ്വന്തം മക്കളായി കണ്ട് സ്നേഹിച്ച, മോട്ടിവേറ്റ് ചെയ്ത സ്ത്രീ .ഇരുവരുടെയും അതിജീവനത്തിന്റെ അനുഭവ കഥകളിൽ മിഴിവുള്ള കഥാപാത്രമായി സീമ ചേച്ചിയുണ്ടായിരുന്നു. ശരണ്യാ ശശിയെന്ന നടി നേരിട്ട രോഗത്തിന്റെ കാഠിന്യവും ചികിത്സയ്ക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടും ഒക്കെ നമുക്ക് മുന്നിലെത്തിച്ചത് സീമ ചേച്ചിയായിരുന്നു.

ഉദാരമനസ്കരുടെ നന്മയുടെ കൈനീട്ടമായി പണിത വീടിനു ശരണ്യയിട്ട പേര് സ്നേഹസീമയെന്നായിരുന്നു.
ആദ്യം നന്ദു പോയി; ഇപ്പോഴിതാ ശരണ്യയും ! എങ്കിലും നിസ്സീമമായ സ്നേഹവും കരുതലും ഇരുവർക്കുമായി പകുത്തേകിയ സീമ ചേച്ചി നമുക്ക് മുന്നിൽ നന്മയുടെ വെളിച്ചമായി നില്ക്കുന്നുണ്ട്. ഇനിയും ഒരുപാട് പേരുടെ അതിജീവനത്തിന്റെ വഴികളിൽ കരുത്തായി, തണലായി, സാന്ത്വനമായി അവരുണ്ടാകും. കാരണം അവരുടെ വഴി കാപട്യത്തിന്റെ കെട്ടുക്കാഴ്ചകളാൽ നിർമ്മിതമല്ല.’

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles