Thursday, October 29, 2026

ലോക ഫുട്ബോളിൽ വീണ്ടും ഇറ്റാലിയൻ ദുരന്തം!!! തുടർച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാനാകാതെ അസൂറിപ്പട

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ അപ്രതീക്ഷിത തോൽവിയോടെ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇറ്റലി പുറത്തായിരിക്കുന്നു. ബോസ്നിയയ്‌ക്കെതിരെ നടന്ന ആവേശകരമായ പ്ലേ-ഓഫ് ഫൈനലിൽ ഷൂട്ടൗട്ടിലേറ്റ തോൽവിയോടെയാണ് അസൂറികളുടെ ലോകകപ്പ് സ്വപ്നങ്ങൾ പൊലിഞ്ഞത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ 4-1 എന്ന സ്കോറിനാണ് ബോസ്നിയ ചരിത്രവിജയം സ്വന്തമാക്കിയത്.

തുടർച്ചയായ മൂന്നാം തവണയാണ് നാല് വട്ടം ലോകകിരീടം ചൂടിയ ഇറ്റലിക്ക് ലോകകപ്പിന് യോഗ്യത നേടാനാവാതെ പോകുന്നത്. മത്സരത്തിന്റെ 15-ാം മിനിറ്റിൽ മോയിസ് കീനിലൂടെ ഇറ്റലിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ അലക്സാണ്ട്രോ ബാസ്റ്റോണി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് കനത്ത തിരിച്ചടിയായി. പത്ത് പേരുമായി പൊരുതിയ ഇറ്റലിക്കെതിരെ 79-ാം മിനിറ്റിൽ ഹാരിസ് ടബാകോവിച്ചിലൂടെ ബോസ്നിയ സമനില പിടിച്ചു.

ഷൂട്ടൗട്ടിൽ ഇറ്റലിയുടെ പിയോ എസ്പോസിറ്റോ, ബ്രയാൻ ക്രിസ്റ്റാന്റെ എന്നിവർക്ക് ലക്ഷ്യം പിഴച്ചപ്പോൾ ബോസ്നിയൻ താരം എസ്മിർ ബജ്‌രക്താരെവിച്ച് നിർണ്ണായക ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഈ വിജയത്തോടെ കാനഡ, സ്വിറ്റ്‌സർലൻഡ്, ഖത്തർ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ബോസ്നിയ സ്ഥാനം പിടിച്ചത്. തോൽവിക്ക് പിന്നാലെ ഇറ്റാലിയൻ പരിശീലകൻ ഗെന്നാരോ ഗട്ടൂസോ തന്റെ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും തൽക്കാലം സ്ഥാനമൊഴിയുന്നില്ലെന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയുടെ ഈ വീഴ്ച ഇറ്റാലിയൻ ഫുട്ബോളിന്റെ ഘടനയെക്കുറിച്ചും ഭാവി തന്ത്രങ്ങളെക്കുറിച്ചും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Related Articles

Latest Articles