Sunday, January 11, 2026

ഇന്ത്യക്കാരി ലോകബാങ്ക് തലപ്പത്തേയ്ക്ക് : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡി ഇനി ലോകബാങ്ക് എംഡി

വാഷിങ്‍ടണ്‍: ലോകബാങ്കിനെ ഇനി ഇന്ത്യൻ വനിത നയിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ അന്‍ഷുല കാന്താണ് ലോകബാങ്കിന്‍റെ മാനേജിങ് ഡയറക്ടര്‍, ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത. ലോകബാങ്ക് എംഡി പദവിയില്‍ എത്തുന്ന ആദ്യത്തെ വനിതയാണ് അന്‍ഷുല കാന്ത്.

വേള്‍ഡ്‍ ബാങ്ക് അധ്യക്ഷന്‍ ഡേവിഡ്‍ മാല്‍പാസ്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. “ലോകബാങ്ക് എംഡി, സിഎഫ്‍ഒ പദവികളിലേക്ക് അന്‍ഷുല കാന്തിനെ നിയമിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഏകദേശം 35 വര്‍ഷത്തെ ബാങ്കിങ്, ഫൈനാന്‍സിങ്, സാങ്കേതികവിദ്യ പരിജ്ഞാനമാണ് അന്‍ഷുല സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎഫ്‍ഒയായി നേടിയത്” മാല്‍പാസ് പറഞ്ഞു.

ഫൈനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് മേല്‍നോട്ടം, റിസ്ക് മാനേജ്‍മെന്‍റ്, ലോകബാങ്ക് സിഇഒക്ക് ഒപ്പം സാമ്പത്തികവിഭവ സമാഹരണത്തില്‍ മേല്‍നോട്ടം എന്നിവ ഇനി അന്‍ഷുലയുടെ കടമകളില്‍ ഉള്‍പ്പെടും. 2018 സെപ്റ്റംബര്‍ മുതല്‍ ലോകബാങ്കിന്‍റെ മാനേജ്‍മെന്‍റ് ബോര്‍ഡില്‍ അന്‍ഷുല അംഗമാണ്.

അൻഷുല സിഎഫ്ഒ പദവി വഹിച്ച കാലയളവിലാണ് എസ്‍ബിഐയ്ക്ക് 38 ബില്യണ്‍ ഡോളര്‍ വരുമാനവും 500 ബില്യണ്‍ ആസ്‍തികളും സ്വരൂപിക്കാനായത്. ഇതിന് നേതൃത്വം കൊടുത്തത് അന്‍ഷുലയായിരുന്നു. എസ്‍ബിഐ മൂലധനം വര്‍ധിപ്പിക്കുന്നതിലും അന്‍ഷുലയുടെ പങ്ക് നിർണായകമാണ്.

ദില്ലി ലേഡി ശ്രീറാം കോളേജില്‍ നിന്ന് ഇക്കണോമിക് ഓണേഴ്‍സ്‍ ബിരുദം സ്വന്തമാക്കിയ അൻഷുല ഡല്‍ഹി സ്‍‍‍കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നാണ് ബിരുദാനന്തരബിരുദവും നേടിയത്.

Related Articles

Latest Articles