Saturday, May 11, 2024
spot_img

രാജ്യവിരുദ്ധ പ്രവർത്തനം; ദില്ലിയിൽ ചൈനീസ് യുവതി അറസ്റ്റിൽ; പിടിയിലായത് ബുദ്ധസന്യാസിയുടെ വേഷത്തിൽ തങ്ങിയ യുവതി, പോലീസ് അന്വേഷണം ഊർജ്ജിതം

ദില്ലി: ദില്ലിയിൽ ചൈനീസ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നേപ്പാൾ സ്വദേശിനിയാണെന്ന് കാണിച്ച് താമസിച്ച ചൈനീസ് യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുദ്ധസന്യാസിയുടെ വേഷത്തിൽ
ദില്ലിയിൽ താമസിച്ചിരുന്ന യുവതിയെ രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്‌തത്‌. ദില്ലി പോലീസിന്റെ പ്രത്യേക സംഘമാണ് ചൈനീസ് യുവതിയായ കായ് റുവോയെ അറസ്റ്റ് ചെയ്തത്.

മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന ചൈനീസ് പൗരയെ ഇന്നലെ മജു നാ കാട്ടിലയിൽ നിന്നാണ് ദില്ലി പോലീസ് സെപ്ഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കലില്‍ നിന്നും നേപ്പാൾ സ്വദേശിയാണെന്ന വ്യാജ പാസ്പോർട്ടും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പോലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിലാണ് യുവതി പിടിയിലായത്. നേപ്പാളിലെ കാഠ്മണ്ഡുവിൽ താമസിക്കുന്ന ഡോൾമ ലാമ എന്ന വ്യക്തിയുടെ പേരിലുള്ള പൗരത്വ സർട്ടിഫിക്കറ്റാണ് ചൈനീസ് യുവതി കൈവശം വെച്ചിരുന്നത്. പരിശോധനയ്‌ക്കിടെ പോലീസ് ഇവ കണ്ടെടുത്തു. ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് അറസ്റ്റിലായ യുവതി ചൈനീസ് സ്വദേശിനിയാണെന്നും 2019ൽ ഇന്ത്യയിലേക്ക് എത്തിയതാണെന്നും കണ്ടെത്തിയത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിദേശി നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം യുവതിയെ കോടതിയിൽ ഹാജരാക്കി. ഇവരെ കോടതി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണം തുടരുകയാണെന്ന് ദില്ലി പോലീസ് അറിയിച്ചു.

Related Articles

Latest Articles