Sunday, April 28, 2024
spot_img

ഇത് നല്ല കഥ! ഗവർണറോട് തോറ്റതിന് യു.പിയോടോ? അധികാരത്തിന്‍റെ ഗര്‍വും അഴിമതിയോടുള്ള ആര്‍ത്തിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ പൂര്‍ണമായും അന്ധരാക്കി; ധനമന്ത്രി കെ എൻ ബാലഗോപാലിന് മറുപടിയുമായി വി മുരളീധരൻ

തിരുവനന്തപുരം: ഉത്തർപ്രദേശിലെ സർവ്വകലാശാലകളെക്കുറിച്ച് കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാലഗോപാൽ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രംഗത്ത്. കേരള ഗവര്‍ണറോടുള്ള പകമൂത്ത് അദ്ദേഹത്തിന്‍റെ ജന്മനാടായ ഉത്തര്‍പ്രദേശിനെ അപമാനിക്കാന്‍ മന്ത്രിമാരും മുന്‍മന്ത്രിമാരും മത്സരിക്കുകയാണെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തുകയും ചെയ്തു.

ഇന്നലെയാണ് ധനമന്ത്രി ഗവർണർക്കെതിരെ രംഗത്തെത്തിയത്. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ സർവകലാശാലകൾ കണ്ടുവരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളെ മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ഇവിടുത്തെ ജനാധിപത്യം ഉൾക്കൊള്ളാൻ അവർക്കാവില്ലെന്നും കാര്യവട്ടം കാമ്പസിൽ നടന്ന പരിപാടിയിൽ മന്ത്രി വ്യക്തമാക്കിയിരുന്നു.

‘ബനാറസ് സര്‍വകലാശാലയും അലിഗര്‍ സര്‍വകലാശാലയും ഐഐടി കാണ്‍പൂരും പോലെ രാജ്യത്തിന്‍റെ അഭിമാനമായ നിരവധി കലാലയങ്ങളുള്ള ഒരു സംസ്ഥാനത്തെക്കുറിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തല്‍. ഉത്തര്‍പ്രദേശിനെയും അവിടുത്തെ ജനങ്ങളെയും തുടര്‍ച്ചയായി അപമാനിക്കുക വഴി രാജ്യത്തിന്‍റെ അഖണ്ഡതയെക്കൂടിയാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വെല്ലുവിളിക്കുന്നത് ‘, എന്നും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

ഗവർണറോട് തോറ്റതിന് യു.പിയോടോ ! അധികാരത്തിന്‍റെ ഗര്‍വും അഴിമതിയോടുള്ള ആര്‍ത്തിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ പൂര്‍ണമായും അന്ധരാക്കിയിരിക്കുന്നു. ബഹു. കേരള ഗവര്‍ണറോടുള്ള പകമൂത്ത് അദ്ദേഹത്തിന്‍റെ ജന്മനാടായ ഉത്തര്‍പ്രദേശിനെ അപമാനിക്കാന്‍ മന്ത്രിമാരും മുന്‍മന്ത്രിമാരും മല്‍സരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ സര്‍വകലാശാലകളെല്ലാം മോശമാണെന്നാണ് ധനമന്ത്രി ബാലഗോപാലിന്‍റെ കണ്ടെത്തല്‍.

ബനാറസ് സര്‍വകലാശാലയും അലിഗര്‍ സര്‍വകലാശാലയും ഐഐടി കാണ്‍പൂരും പോലെ രാജ്യത്തിന്‍റെ അഭിമാനമായ നിരവധി കലാലയങ്ങളുള്ള ഒരു സംസ്ഥാനത്തെക്കുറിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തല്‍..ഏതോ സര്‍വകലാശാലയില്‍ സുരക്ഷാജീവനക്കാരന്‍ വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയതാണ് യുപിയില്‍ എല്ലാം മോശമെന്ന ബാലഗോപാലിന്‍റെ കണ്ടെത്തലിന് പിന്നില്‍ !

ബാലഗോപാലിന്‍റെ സര്‍ക്കാര്‍ ഭരിക്കുമ്പോളാണ് കേരളത്തിലെ ഒരു കോളേജില്‍ വിദ്യാര്‍ഥിനിയെ കാമ്പസില്‍ സഹപാഠി കഴുത്തറുത്ത് കൊന്നത്, ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ സുഹൃത്ത് വെടിവച്ചു കൊന്നത്,മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവിനെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തിയിട്ടുള്ള അതിക്രമങ്ങള്‍ രാജ്യത്തിന്‍റെ മുന്നില്‍ മലയാളിയുടെ മാനം കളയുന്നതായിരുന്നു..അതുകൊണ്ട് കേരളത്തിലെ സര്‍വകലാശാലകളാകെ മോശമാണെന്ന് മന്ത്രിക്ക് അഭിപ്രായമുണ്ടോ ?ഉത്തര്‍പ്രദേശുകാരനായതിനാല്‍ ദേവികുളം സബ് കളക്ടര്‍ മോശക്കാരനാ ണെന്ന് എംഎം മണി ആക്രോശിക്കുന്നു.

“വണ്‍ ടൂ ത്രീ” എന്ന് മനുഷ്യരെ കൊന്നുതള്ളിയ മണിയാണ് ഉത്തര്‍പ്രദേശുകാര്‍ക്ക് സംസ്കാരമില്ലെന്ന് പറയുന്നത് ! ഉത്തര്‍പ്രദേശിനെയും അവിടുത്തെ ജനങ്ങളെയും തുടര്‍ച്ചയായി അപമാനിക്കുക വഴി രാജ്യത്തിന്‍റെ അഖണ്ഡതയെക്കൂടിയാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വെല്ലുവിളിക്കുന്നത് .പ്രാദേശികവാദവും വംശീയതയും നിറഞ്ഞ ഇത്തരം നിലപാടുകൾ കമ്മ്യൂണിസത്തിലെ കാപട്യം കൂടിയാണ് വ്യക്തമാക്കുന്നത്.

Related Articles

Latest Articles