Friday, May 17, 2024
spot_img

മലപ്പുറം എടയൂർ നെയ്തലപ്പുറത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; പുറത്തെ നാഗപ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകർത്തു

മലപ്പുറം: എടയൂർ പഞ്ചായത്തിലെ സി കെ പാറ ശാന്തിനഗറിൽ ഉള്ള നെയ്തലപ്പുറത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ചുറ്റമ്പലത്തിനകത്തേക്ക് വിസർജ്യം കവറിലാക്കി വലിച്ചെറിഞ്ഞു. പുറത്തെ നാഗ പ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകർത്ത നിലയിലാണ്. മാസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിൽ പുലർച്ചെ പാട്ടുവെക്കുന്നതിനെതിരെ ഊമക്കത്തും നഗ്‌നതയിലേക്ക് തോക്കുചൂണ്ടുന്ന ഭീഷണി പോസ്റ്റർ ക്ഷേത്രംപ്രസിഡന്‍റിന് വന്നതിനും പിന്നാലെയാണ് ക്ഷേത്രത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം നടന്നത്.

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ആസൂത്രിതമാണെന്ന് ട്രസ്റ്റിയും ക്ഷേത്രകമ്മിറ്റി ഭാരവാഹികളും പറഞ്ഞു. പുരാതനമായി തകർന്ന് കിടന്നിരുന്നതും തൊഴുവാനൂർ വെള്ളാട്ട് ജാനകി അമ്മയുടെ ഉടമസ്ഥതയിലായിരുന്നതുമായ ഈ ക്ഷേത്രം 45 വർഷം മുൻപാണ് നാട്ടുകാരുടെ ശ്രമഫലമായി പുനരുദ്ധരിച്ച് പൂജാകർമ്മങ്ങൾ തുടങ്ങിയത്.തികച്ചും സമാധാന അന്തരീക്ഷത്തിൽ ജീവിക്കുന്ന ഈ പ്രദേശത്ത് ക്ഷേത്രം തകർത്ത് ജനങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന സാമൂഹ്വ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ട്രസ്റ്റി ബോർഡും കമ്മറ്റിയും നാട്ടുകാരും ആവശ്യപ്പെട്ടു.

ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരനും, ജില്ലാ പ്രസിഡന്‍റ് വിജയരാഘവനും ക്ഷേത്രം സന്ദർശിച്ചു. ഇതിനു പുറമെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും, പ്രകടനവും നടത്തും. സംഭവത്തിൽ പ്രതികളെ മുഴുവനായും നിയമത്തിന് മുന്നിൽകൊണ്ടുവരുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നു ഹിന്ദു ഐക്യവേദി ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles

Latest Articles