Sunday, April 28, 2024
spot_img

പേരാമ്പ്രയിലെ അനു കൊലക്കേസ് !പ്രതിയായ മുജീബിലെത്തിച്ചത് നൂറോളം സിസി ടീവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമെന്ന് റൂറൽ എസ്‍പി; കവർന്നെടുത്ത സ്വർണ്ണം കണ്ടെത്തി

പേരാമ്പ്രയിലെ അനു കൊലക്കേസിൽ പ്രതിയായ മുജീബിലെത്തിച്ചത് നൂറോളം സിസി ടീവീകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമെന്ന് റൂറൽ എസ്‍പി ഡി.ആർ.അരവിന്ദ് സുകുമാർ. കൊലപാതക രീതിയിൽനിന്നാണു മുജീബിനെ സംശയം തോന്നിയതെന്നും അനുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി കവർന്ന സ്വർണം കണ്ടെടുത്തെന്നും എസ്‍പി അറിയിച്ചു.

“കുറ്റകൃത്യം നടത്തിയ സമയത്തു മുജീബ് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇയാൾ അറുപതോളം കേസുകളിൽ പ്രതിയാണ്. സ്ത്രീകളെ ആക്രമിച്ച് സ്വർണം കവരുന്ന കൊടുംകുറ്റവാളിയാണ്. വാഹനമോഷണവും പിടിച്ചുപറിയും അടക്കം നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് അസ്വാഭാവികമായി ഒരു ബൈക്ക് കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബൈക്ക് മട്ടന്നൂർ ഉള്ള ഒരാളുടേതാണെന്നും ഇത് മോഷ്ടിച്ചതാണെന്നും മനസ്സിലായി. ഒരു സ്ഥലത്തും ഹെൽമറ്റ് അഴിക്കാതെ, സിസിടിവി ക്യാമറകളിൽ മുഖം വ്യക്തമാക്കാതെയായിരുന്നു പ്രതി സഞ്ചരിച്ചത്. പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ അങ്ങാടിക്ക് അടുത്ത് ബൈക്കും ഹെൽമറ്റും ജാക്കറ്റും ഉപേക്ഷിച്ച് കൊണ്ടോട്ടിയിലെ വീട്ടിൽ മുജീബ് തിരിച്ചെത്തുകയായിരുന്നു.

ശാസ്ത്രീയ തെളിവുകളുടെയും സിസിടിവി ക്യാമറകളുടെയും സഹായത്തോടെ വീട്ടിലെത്തിയ അന്വേഷണ സംഘം പ്രതിയെ കീഴ്‌പ്പെടുത്തി. യുവതിയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങള്‍ വിറ്റ കടയിൽനിന്നും കണ്ടെടുത്തു’’– പോലീസ് വിശദീകരിച്ചു.

അതേസമയം കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായിട്ടുണ്ട്.കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് കസ്റ്റഡിയിലെടുത്തത്. നിലവിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അനുവിനെ കൊലപ്പെടുത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുജീബ് മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചത് അബൂബക്കറായിരുന്നു എന്നാണ് വിവരം.

Related Articles

Latest Articles