Sunday, May 5, 2024
spot_img

കുഞ്ഞിനെ നൽകിയതിൽ വൻ ക്രമക്കേട് പിണറായിക്കും മുഖ്യ പങ്ക്?

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അതിനിര്‍ണായക ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിക്കുമെന്നാണ് വിവരം.

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്‌നോളജിയിലാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റേയും അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ പരിശോധനാ സാമ്പിൾ ശേഖരിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിക്കുന്ന പരിശോധനാഫലം അന്വേഷണ റിപ്പോർട്ടിനൊപ്പമായിരിക്കും കോടതിയിൽ സമർപ്പിക്കുന്നത്.

അതേസമയം കുഞ്ഞ് അനുപമയുടേതാണോ എന്ന കാര്യത്തിന് വ്യക്തത വരുത്തുന്ന നിർണ്ണായക ഡി.എൻ.എ ഫലമാണ് ഇന്ന് ലഭിക്കുന്നത്. ഡിഎൻഎ പരിശോധനയ്‌ക്കുള്ള സാംപിൾ ശേഖരിച്ചാൽ 24 മണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കും. സർക്കാർ ഏജൻസികൾക്കോ കോടതികൾക്കോ മാത്രമേ ഡിഎൻഎ പരിശോധനാഫലം കൈമാറാനാകൂ. ഇത് പ്രകാരമാണ് ഡിഎൻഎ റിപ്പോർട്ട് സിഡബ്ല്യുസിക്ക് കൈമാറുന്നത്. പരിശോധനക്കായി മൂന്ന് പേരുടേയും സാമ്പിൾ ശേഖരിച്ചപ്പോഴും സിഡബ്ല്യുസി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

കൂടാതെ ദത്ത് നടപടിക്രമങ്ങളുമായുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 29 ന് കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണ്. ഡിഎൻഎ ടെസ്റ്റ് നടത്തുന്നത് പരിഗണിച്ച് ഈ മാസം 29 വരെ സിഡബ്ല്യുസി സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു. റിപ്പോർട്ടിനൊപ്പം ഡിഎൻഎ പരിശോധനാ ഫലവും കോടതിയിൽ ഹാജരാക്കും. ഈ മാസം 30 നാണ് കേസ് തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്.

ഡിഎൻഎ ഫലം പോസിസ്റ്റീവായാൽ കുഞ്ഞിനെ തിരികെ നൽകാനുള്ള നടപടികള്‍ CWC സ്വീകരിക്കും. നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികള്‍. അതേ സമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്.

ഈ ദത്ത് വിഷയത്തിൽ നിരവധി പ്രതികരണങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നു വരുന്നത്. ഈ വിഷയത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ അഞ്ചു പാർവതിയുടെ ഒരു കുറിപ്പ് ഉണ്ട്. അതിങ്ങനെയാണ് ..

പെറ്റമ്മ – പോറ്റമ്മ എന്ന വൈകാരികത മാറ്റി വച്ച് , സ്മാർത്ത വിചാരണ മാറ്റിവച്ച് കുറച്ചു നേരത്തേയ്ക്ക് ദത്ത് വിഷയത്തിൽ സ്റ്റേറ്റ് അഥവാ ഭരണകൂടം നടത്തിയ നെറികേട് നമുക്ക് ചർച്ച ചെയ്യാം. മാധ്യമങ്ങളോ ചാനലുകളോ പ്രതിപക്ഷമോ അതിനെ കുറിച്ച് കാര്യമായി ഒരു ചർച്ചയോ സംവാദമോ നടത്താൻ മിനക്കെടാതെ പെറ്റമ്മ – പോറ്റമ്മ എന്ന സെന്റിമെൻസിൽ പിടിച്ച് റേറ്റിംഗ് കൂട്ടുമ്പോൾ മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയായ ശിശുക്ഷേമ സമിതിയും കൂട്ടാളികളും സന്തോഷിക്കുകയാണ്. മുഖ്യമന്ത്രി അധ്യക്ഷനായ ശിശു ക്ഷേമ സമിതിയെ നൈസായിട്ടങ്ങ് സേഫ് സോണിൽ നിറുത്തി അനുപമയുടെ ചാരിത്ര്യശുദ്ധിയിൽ പിടിച്ച് നേരെ ആന്ധ്രാ പേരന്റ്സിന്റെ വൈകാരികത ചർച്ചയാക്കുന്ന സൈബർ സഖാക്കളുടെ നല്ല മനസ്സ് കാണാതിരിക്കാനാവുന്നില്ല.
ശരിക്കും ദത്ത് വിഷയത്തിൽ ശിശുക്ഷേമസമിതിയുടെ ഇടപെടൽ പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടത് വളരെ വലിയൊരു ആവശ്യമാണ്. കാരണം ആ സ്ഥാപനം വഴി ദത്തെടുക്കൽ എന്ന പ്രക്രിയ കൊണ്ട് ജീവിതത്തിൽ സനാഥത്വത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ശീതളിമയിൽ വളരേണ്ട ഒരുപാട് കുഞ്ഞ് ജീവിതങ്ങളുണ്ട്. ശിശുക്ഷേമസമിതി വഴി ദത്തെടുക്കപ്പെടുന്നത് ഇത്രമേൽ complicated ആണെന്നൊരു പൊതുധാരണ വന്നു കഴിഞ്ഞാൽ ദത്തെടുക്കാൻ പലരും ഇനിയൊന്ന് മടിച്ചേക്കാം. അത് വരരുത് . അനുപമ വിഷയത്തിൽ എന്ത് നടന്നുവെന്ന് പൊതു സമൂഹം അറിഞ്ഞേ തീരൂ !
മനഃപൂർവമായ , തെറ്റായ procedures വഴിയും നിയമത്തെ സൗകര്യപൂർവം വളച്ചൊടിച്ചുപയോഗിക്കൽ വഴിയും പെറ്റമ്മയെയും പോറ്റമ്മയെയും ഈ വിധത്തിലാക്കിയ ഒരു സിസ്റ്റമുണ്ടല്ലോ. ആ സിസ്റ്റത്തിനെതിരെ ആരും വിരൽ ചൂണ്ടി കണ്ടില്ല. അനുപമയുടെ പരാതിയിന്മേൽ എന്ത് നടപടിയാണ് സ്റ്റേറ്റ് എടുത്തതെന്ന് ആരും ചോദിച്ചു കണ്ടില്ല. ആ സ്ത്രീയും അവരുടെ കൂട്ടാളി താടിയും ചെയ്ത എണ്ണമറ്റ തെറ്റുകൾ അവിടെ നില്ക്കട്ടെ . ഏത് കുറ്റവാളിക്കും പരാതി നല്കാനുളള അനുമതിയും ആ പരാതിയിന്മേൽ ഉചിതമായി നടപടി സ്വീകരിക്കുവാനുമുളള അധികാരവും ഭരണഘടന അനുശാസിക്കുന്നുണ്ടല്ലോ. അനുപമയുടെ പരാതിയിന്മേൽ ഒരു നടപടിയും എടുക്കാതെ, പരാതി നിലനിൽക്കെ തന്നെ ദത്ത് നടപടികളുമായി മുന്നോട്ട് പോയി, കുട്ടിയെ അന്യസംസ്ഥാനത്തേക്ക് കടത്തിയത് സംഘടിതമായ കുറ്റകൃത്യം തന്നെയല്ലേ ? ഏപ്രിലിൽ ഡി ജി.പി. അടക്കമുള്ളവർക്ക് പരാതി കൊടുത്തിരുന്നുവല്ലോ അനുപമ . ആഗസ്റ്റിലാണ് കുഞ്ഞിനെ ആന്ധ്രാപ്രദേശിലേയ്ക്ക് കൈമാറിയത്. അതായത് വൃന്ദാ കാരാട്ട് അടക്കമുളള സി.പി.എം നേതാക്കൾക്കും സ്റ്റേറ്റിനും അവർ പരാതി നല്കി മൂന്നു മാസം വരെ കുഞ്ഞ് ശിശുക്ഷേമ സമിതിയിലുണ്ടായിരുന്നുവെന്നാണതിന്റെ അർത്ഥം. Constitutional rights എന്നൊരു സംഗതിയുണ്ടല്ലോ. അതിവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. അത് ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?
ഇനി ആരും അധികം ചർച്ച ചെയ്യപ്പെടാത്ത മറ്റൊരു അതിഗൗരവമായ നിയമ ലംഘനം ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ആ സ്ഥാപനത്തിന്റെ അഡോപ്‌ഷൻ ലൈസൻസിന്റെ കാലാവധി 2021 ജൂൺ 30 ന് അവസാനിച്ചിട്ടുണ്ടെന്നാണ് രേഖകൾ പറയുന്നത്. ആഗസ്റ്റിലാണ് അനുപമയുടെ കുട്ടിയെ ആന്ധ്രയിലെ ദമ്പതികൾക്ക് കൈമാറിയത്. അതായത് മുഖ്യമന്ത്രി പ്രസിഡന്റായ ശിശുക്ഷേമ സമിതി അവിടുത്തെ കുഞ്ഞിനെ കൈമാറുന്ന സമയം ആ സ്ഥാപനത്തിന് അഡോപ്ഷൻ ലൈസൻസ് ഇല്ലായിരുന്നുവെന്നർത്ഥം. തന്റെ കുട്ടിയെ കടത്തിക്കൊണ്ടുപോയിയെന്ന് ഒരു സ്ത്രീ പരാതി ഉന്നയിച്ചിട്ടും അതേ കുട്ടിയെ ലൈസൻസ് പുതുക്കാൻ പോലും കാത്തു നില്ക്കാതെ നിയമങ്ങളെ കാറ്റിൽപ്പറത്തി മറ്റൊരിടത്ത് എത്തിക്കാൻ തിടുക്കപ്പെട്ടത് എന്തിന്? ആർക്ക് വേണ്ടി ? അപ്പോൾ അന്നവിടെ ഈ സ്റ്റേറ്റിന്റെ ഒത്താശയോടെ നടന്നത് ചൈൽഡ് ട്രാഫിക്കിങ്ങ് അല്ലെന്നു സമർത്ഥിക്കാൻ കഴിയുമോ ? അനുപമയുടെ കുഞ്ഞിനെ കൈമാറുമ്പോൾ ആ സ്ഥാപനം ലൈസൻസില്ലാത്ത അനധികൃത സ്ഥാപനമായിരുന്നു. അപ്പോഴവിടെ നടന്നത് കൈമാറ്റമോ ട്രാഫിക്കിങ്ങോ ?
ഇരട്ട ചങ്കുള്ള മുഖ്യമന്ത്രി ഉത്തരം നല്കേണ്ട ഒരുപാട് ചോദ്യങ്ങൾ ബാക്കിയുണ്ട്. അനുപമയുടെ പരാതികിട്ടിയിട്ട് FIR ഇടാൻ ആറുമാസത്തെ കാലതാമസം എന്തിനെന്ന് , എന്തിനായിരുന്നുവെന്ന് ഉത്തരം തരേണ്ടത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ്. ലൈസൻസ് ഇല്ലാത്ത സമയത്ത് കുഞ്ഞിനെ കൈമാറ്റം ചെയ്തതെന്തിനെന്ന് ഉത്തരം നല്കേണ്ടത് മുഖ്യമന്ത്രി അധ്യക്ഷനായ ശിശുക്ഷേമ സമിതിയാണ്. ഇതിനൊക്കെ ഉത്തരം തരാൻ ധൈര്യമുണ്ടോ കേരളം ഭരിക്കുന്ന മുഖ്യന് ? ഇതിന്റെയൊക്കെ ഉത്തരം കിട്ടാത്തിടത്തോളം കാലം ശിശുക്ഷേമസമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ആഭ്യന്തര വകുപ്പും അതിന്റെയെല്ലാം തലപ്പത്തിരിക്കുന്ന മുഖ്യനും സംശയത്തിന്റെ നിഴലിൽ തന്നെയായിരിക്കും. ആ സംശയത്തിന്റെ കരിമേഘങ്ങളെ മറയ്ക്കാൻ AKG സെന്റർ ഇറക്കിയ വൈകാരിക സെന്റിമെൻസുകൾ പൊതുജന സമക്ഷം ഓടില്ല !
വൈകാരികതയും സെന്റിമെൻസും മാനുഷിക മൂല്യങ്ങളുമെല്ലാം വരുന്നത് രാഷ്ട്രീയം തലയ്ക്ക് പിടിച്ചിട്ടില്ലാത്ത കുറേയേറെ സാധാരണക്കാർക്കാണ്. അവരുടെ മനസ്സ് ആന്ധ്രയിലെ ആ പാവം ഫോസ്റ്റർ പാരന്റ്സിനൊപ്പവുമാണ്. ഹൃദയം കൊണ്ട് ചിന്തിക്കുന്നവർക്ക് അങ്ങനെ ആകാനേ കഴിയൂ. അവരുടെ വൈകാരികതയെ മാനിച്ചുകൊണ്ട് തന്നെ പറയട്ടെ ഈ ക്രൈമിൽ സ്റ്റേറ്റും പങ്കാളിയാണ്. വിക്ടിം പാവപ്പെട്ട ആ കുഞ്ഞും അതിന്റെ ഫോസ്റ്റർ പാരന്റ്സും മാത്രമാണ്. ഒരു കൊച്ചു കുഞ്ഞിനെ ഈ വിധം അങ്ങോട്ടുമിങ്ങോട്ടും കൈമാറി ട്രോമയിലാക്കിയ ഒരു ദുഷിച്ച സിസ്റ്റവും അനുപമയെന്ന സ്ത്രീയും ആ താടിക്കാരനും ദുരഭിമാനവും ഒക്കെയാണ് ഈ ക്രൈമിലെ കുറ്റക്കാർ.
ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്. എന്തായാലും പിതൃത്വ പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കേരളത്തിൽ പുത്തരിയല്ല. അതിൽ ഏറ്റവും അവസാനത്തെ കണ്ണിയാണ്​ തിരുവനന്തപുരത്തെ അനുപമ എന്ന യുവതിയുടെ കുഞ്ഞ്​. ​വിവാഹം കഴിക്കുന്നതിന്​ മുമ്പ്​ കുഞ്ഞ്​ ഉണ്ടായതിനെ തുടർന്ന്​ സി.പി.എം പ്രാദേശിക നേതാവ്​ കൂടിയായ അനുപമയുടെ അച്ഛനാണ്​ അവരുടെ കുഞ്ഞിനെ മാതാവിൽനിന്ന്​ അടർത്തി മാറ്റി ശിശു ക്ഷേമ സമിതിയെ ഏൽപിച്ചത്​. സംഭവം ഇപ്പോൾ കേരളത്തിൽ ഏറെ വിവാദം സൃഷ്​ടിച്ചിരിക്കുകയാണല്ലോ. ഒടുവിൽ ഇതര സംസ്​ഥാനത്തെ അധ്യാപക ദമ്പതികൾക്ക്​ ദത്ത്​ നൽകിയ കുട്ടിയെ കേരളത്തിലെത്തിച്ച്​ ഡി.എൻ.എ പരിശോധന ഫലം കാത്തിരിക്കുകയാണ്​.

ചൈൽഡ്​ വെൽഫെയർ കമ്മിറ്റിയുടെയും കുടുംബ കോടതിയുടെയും നിർദേശ പ്രകാരമാണ്​ ഡി.എൻ.എ പരിശോധന നടത്തുന്നത്​. അനുപമ, പങ്കാളി അജിത്ത്​, കുഞ്ഞ്​ എന്നിവരുടെ ഡി.എൻ.എ സാമ്പിളുകൾ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. ഇതിന്‍റെ ഫലം മണിക്കൂറുകൾക്കകം ലഭിക്കും. ഇതിന്​ മുമ്പ്​ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്​തത്​ സി.പി.എം സംസ്​ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്​ണന്‍റെ മകനുമായി ബന്ധപ്പെട്ട ഡി.എൻ.എ പരിശോധന ഫലമായിരുന്നു. കോടിയേരിയുടെ മകനുമായി ബന്ധമുണ്ടെന്നും അതിൽ ഒരു ആൺകുട്ടിയുണ്ടെന്നും പറഞ്ഞ്​ ഇതര സംസ്​ഥാന യുവതി രംഗത്തുവന്നിരുന്നു.

ഇത്​ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. കോടതി ഉത്തരവിനെ തുടർന്ന്​ നടത്തിയ ഡി.എൻ.എ പരിശോധനയുടെ ഫലം രണ്ട്​ വർഷമായിട്ടും പുറത്തുവന്നിട്ടില്ല. അനുപമ വിഷയം ഏറെ ചർച്ചയാകുന്ന അവസരത്തിൽ ഇനി ഏറെ നിർണായകമാകുക ഡി.എൻ.എ പരിശോധന ഫലമാണ്​

Related Articles

Latest Articles