Friday, May 10, 2024
spot_img

ഐ ഫോൺ സൗന്ദര്യ ശില്പി ആപ്പിളിന്റെ പടിയിറങ്ങുന്നു. 2020-ൽ “ലൗ-ഫ്രം”

ലോകോത്തര ഉപകരണ ശില്പി ജോനാഥൻ ഐവ് (ജോണി ഐവ്) ആപ്പിളിലെ തൻറെ മുപ്പതു വർഷത്തെ ഔദ്യോഗിക ജീവിതം മതിയാക്കുന്നു. പുതിയ സംരംഭമായ “ലൗ-ഫ്രം”‘ എന്ന സ്ഥാപനം 2020-ൽ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് പൂട്ടികെട്ടാറായ ആപ്പിൾ കമ്പനിയെ ലോത്തിലെ ഏറ്റവും വിലമതിക്കുന്ന സ്ഥാപനമായി ഉയർത്താൻ ആപ്പിളിന്റെ മുൻ സിഇഓ സ്റ്റീവ് ജോബ്‌സിന്റെ തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച വ്യക്തിയാണ് ജോണി ഐവ്.

ആപ്പിളിലെത്തന്നെ അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ മാർക് ന്യൂസൻ പുതുതായി തുടങ്ങുന്ന കമ്പനിയിൽ ഐവിനോടൊപ്പം ഉണ്ടാകും എന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ ഉണ്ട്. ആപ്പിളിൽ നിന്നും മാറിയാലും അദ്ദേഹത്തിന്റെ സേവനം തുടർന്നും ഉണ്ടാകും എന്ന് ആപ്പിൾ തലവൻ ടിം കുക്ക് അറിയിച്ചു. ലൗഫ്രമിന്റെ സേവനങ്ങൾ സ്വീകരിക്കുന്ന ആദ്യ കമ്പനികളിൽ ഒന്നായിരിക്കും ആപ്പിൾ

ജോണി ഐവ്, മാർക് ന്യൂസനോടൊപ്പം
ജോണി ഐവ്, മാർക് ന്യൂസനോടൊപ്പം

ഐവിന്റെ ആപ്പിൾ ജീവിതം സ്റ്റീവ് ജോബ്‌സുമായി ഇഴചേർന്ന് നിൽക്കുന്നതാണ്. തുടർച്ചയായ ബിസിനസ് തകർച്ച നേരിട്ട് 1997 ആയപ്പോഴേക്കും ആപ്പിൾ കമ്പനി അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിയിരുന്നു. കമ്പനിയെ രക്ഷിക്കാനായി നേരത്തെ പുറത്താക്കിയ സിഇഓ ജോബ്‌സിനെ, കമ്പനി മാനേജ്‌മെന്റ് തിരികെ കൊണ്ടുവന്നു.

ഐവുമായുള്ള ആദ്യ മീറ്റിംഗിൽ തന്നെ തങ്ങളിലുള്ള ധിഷണ പരസ്പരപൂരകങ്ങൾ ആണെന്ന് ഇരുവരും തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് ആപ്പിളിന്റെ തിരിച്ചുവരവിന്റെ കാലമായിരുന്നു. കടംകയറി പൂട്ടാറായ ആപ്പിളിനെ കേവലം പതിമൂന്നു വർഷംകൊണ്ട് ലോകത്തിലെ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാക്കി ജോബ്സ് മാറ്റിയപ്പോൾ അതിന്റെ അണിയത്ത് നിന്നത് ഐവായിരുന്നു. 2011-ൽ സ്റ്റീവ് ജോബ്‌സിന്റെ മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കവെ ജോബ്‌സിന്റെ ഏറ്റവും പ്രിയപ്പെട്ട, ഏറ്റവും വിശ്വസ്‌തനായ കൂട്ടുകാരാണ് താനെന്നു ഐവ് പറഞ്ഞത് അവർ തമ്മിലുള്ള വ്യക്തിബന്ധം വെളിവാക്കുന്നതാണ്. “ലൗ-ഫ്രം” എന്ന് തന്റെ പുതിയ കമ്പനിക്ക് പേരിട്ടത്തിന്റെ പിന്നിൽ ജോബ്‌സിന്റെ ഡിസൈൻ സങ്കൽപ്പമാണെന്ന് ഐവ് പറയുന്നു

സ്റ്റീവ് ജോബ്സ്, ജോണി ഐവ്
സ്റ്റീവ് ജോബ്സ്, ജോണി ഐവ്

ഏറ്റവും കർശനമായ തൊഴിൽ രഹസ്യ നിയമങ്ങൾ നിലനിൽക്കുന്നതും അണുവിട മാറ്റമില്ലാതെ പരിപാലിക്കപ്പെടുന്നതുമായ സ്ഥാപനമാണ് ആപ്പിൾ. അതിൽ തന്നെ ഏറ്റവും രഹസ്യമായി അവർ സൂക്ഷിക്കുന്നത് പുതിയ ഉപകാരണങ്ങളുടെ രൂപകല്പനയാണ്; അത് നിർവഹിച്ചുകൊണ്ടിരുന്നത് ജോണി ഐവും. ആപ്പിളിന്റെ നിയന്ത്രണങ്ങളിൽ നിന്ന് വിടുതൽ ലഭിക്കുന്ന ഐവ്, പുതുതായി ലോകത്തിനു സമ്മാനിക്കുന്ന അത്ഭുതങ്ങൾക്കായി ലോകം കാത്തിരിക്കുന്നു.

Related Articles

Latest Articles