ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫിസ് ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ട് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റുമാരെയും അഴിമതിക്കേസിൽ സസ്‍പെന്‍ഡ് ചെയ്തു. ദില്ലി ലെഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയാണ് ഇവരെ പുറത്താക്കാന്‍ ഉത്തരവിട്ടത്.
പ്രകാശ് ചന്ദ്ര താക്കൂറിനെ മുഖ്യമന്ത്രിയുടെ ഓഫിസ് ഡെപ്യൂട്ടി സെക്രട്ടറിയായും നിയമിച്ചു. വസന്ത് വിഹാര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ഹര്‍ഷിത് ജെയ്ന്‍, വിവേക് വിഹാര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ദേവേന്ദര്‍ ശര്‍മ എന്നിവരാണ് സസ്‍പെന്‍ഷനിലുള്ളത്. ഇവര്‍ക്കെതിരെ അച്ചടക്കനടപടിക്കും ശിപാർശ ചെയ്തിരിക്കുകയാണ്.
കല്‍ക്കാജി എക്സ്റ്റന്‍ഷനിലെ ഇ.ഡബ്ല്യു.എസ് ഫ്‌ളാറ്റുകളുടെ നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രമക്കേട് ആരോപിച്ച് തിങ്കളാഴ്ച ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയിലെ രണ്ട് അസിസ്റ്റന്റ് എന്‍ജിനീയര്‍മാതെയും ലെഫ്. ഗവര്‍ണര്‍ സസ്‍പെന്‍ഡ് ചെയ്തിരുന്നു. തലസ്ഥാനനഗരിയിലെ ക്രമസമാധാന നില പരിശോധിക്കാനായി കഴിഞ്ഞാഴ്ച ലെഫ്. ഗവര്‍ണറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.

