ദില്ലി: 78ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് ആദരമർപ്പിച്ച് പുതിയ ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ. ചിത്രകാരിയായ വൃന്ദ സാവേരിയാണ് ആർക്കിടെക്ചർ തീമിലുള്ള ഗൂഗിൾ ഡൂഡിൾ തയ്യാറാക്കിയത്. ത്രിവർണ പതാകയിലെ നിറങ്ങൾ ഉപയോഗിച്ചാണ് ഓരോ വാതിലുകളും ചിത്രീകരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന് ആശംസകൾ അറിയിച്ചു കൊണ്ടുള്ള കുറിപ്പും ഗൂഗിൾ പങ്കുവച്ചിട്ടുണ്ട്.
വർഷങ്ങളോളം നേരിട്ട അടിച്ചമർത്തലുകൾക്കൊടുവിൽ ഇന്ത്യയിലെ ജനങ്ങൾ സ്വയംഭരണവും സ്വാതന്ത്യവും പരമാധികാരവും ആഗ്രഹിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ കഷ്ടപ്പാടുകളിലൂടെയും ത്യാഗത്തിലൂടെയും അതിന് ഫലം കണ്ടതായും, രാജ്യത്തെ ഓരോ പൗരന്മാർക്കും ആശംസകൾ അറിയിക്കുന്നതായും” കുറിപ്പിൽ പറയുന്നു. വിശേഷ അവസരങ്ങളിലും ചരിത്രകാരന്മാരെ അനുസ്മരിക്കുന്നതിനുമെല്ലാം ലോഗോയിൽ വരുത്തുന്ന മാറ്റമാണ് ഗൂഗിൾ ഡൂഡിൽസ്. ആനിമേഷൻ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയാണ് ഇപ്പോൾ ഗൂഗിൾ ഡൂഡിലുകൾ അവതരിപ്പിക്കാറുള്ളത്.

