Friday, May 17, 2024
spot_img

അർജന്റീനയിൽ കാണാതായ ക്രിപ്റ്റോ കോടീശ്വരന്റെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളിൽ വെട്ടിനുറുക്കിയ നിലയിൽ ; ശരീര ഭാഗങ്ങൾ കണ്ടെടുത്തത് നഗരത്തിന്റെ പലയിടങ്ങളിലായി

ബ്യൂണസ് ഐറിസ് : അർജന്റീനയിൽ ഈ മാസം 19 മുതൽ കാണാതായിരുന്ന ക്രിപ്‌റ്റോ കോടീശ്വരന്റെ മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫെർണാണ്ടോ പെരസ് അൽഗാബ എന്നയാളാണ് കൊല്ലപ്പെട്ടത്. അർജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസിനു സമീപത്തെ തെരുവിനടുത്തെ അരുവിക്കു സമീപം കളിക്കുന്നതിനിടെ ഒരുകൂട്ടം കുട്ടികളാണ് മൃതദേഹാവശിഷ്ടങ്ങളടങ്ങിയ ചുവന്ന നിറത്തിലുള്ള സ്യൂട്ട്കേസ് ആദ്യം കണ്ടത്. കുട്ടികളുടെ മാതാപിതാക്കൾ പൊലീസിനെ വിവരമറിക്കുകയും ചെയ്തു. തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് അൽഗബയുടെ കാലുകളും കൈത്തണ്ടകളും കണ്ടെത്തിയത്. മറ്റൊരു കൈ അരുവിയിൽനിന്നു കണ്ടെടുത്തു. തിരച്ചിൽ തുടരുന്നതിനിടെ തൊട്ടടുത്ത ദിവസം കാണാതായ തലയും മറ്റു ശരീരഭാഗങ്ങളും കണ്ടെത്തിയത്. വളരെ സൂക്ഷ്മമായാണ് ഓരോ അവയവങ്ങളും മുറിച്ചുമാറ്റിയിരിക്കുന്നതെന്നും വിദഗ്ധനായ ഒരാളാണ് കൊലയ്ക്കു പിന്നിലെന്നും പൊലീസ് പറഞ്ഞു.

മരിക്കുന്നതിന് മുൻപ് അൽഗാബയ്ക്ക് മൂന്നു തവണ വെടിയേറ്റതായി പോസ്റ്റുമോർട്ടത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിരലടയാളങ്ങളും ശരീരഭാഗങ്ങളിലെ ടാറ്റൂകളുമാണ് അൽഗാബയെ തിരിച്ചറിയാൻ സഹായിച്ചത്. ക്രിപ്റ്റോ കറൻസി വ്യാപാരത്തിലൂടെയാണ് ഇയാൾ കോടീശ്വരനായത്. ആ‍ഡംബര വാഹനങ്ങൾ വാടകയ്ക്കു നൽകിയും പണം സമ്പാദിച്ചിരുന്നു. വാടകയ്ക്കെടുത്ത അപ്പാർട്മെന്റിൽ താമസിച്ചിരുന്ന അൽഗാബ, ഈ മാസം 19 ന് അപ്പാർട്മെന്റ് ഒഴിയേണ്ടതായിരുന്നു. എന്നാൽ ഈ ദിവസം അൽഗാബയെ ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് വീട്ടുടമയാണ് പോലീസിൽ പരാതി നൽകിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന.

Related Articles

Latest Articles