മദ്യലഹരിയിൽ ഭാര്യയുമായുണ്ടായ വാക്കുതർക്കത്തിനിടെ ഭർത്താവ് രണ്ടുവയസ്സുകാരനായ മകനെ നിലത്തെറിഞ്ഞ് കൊന്നു. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ബാംഗര്‍മൗവില്‍ കഴിഞ്ഞ ദിവസമായിരുന്നു മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ ഷാരൂണ്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരം മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഷാരൂണ്‍ മകനെ എടുത്ത് നിലത്തേക്ക് എറിയുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. കടുത്ത മദ്യപാനിയായിരുന്ന ഷാരൂണ്‍ സ്ഥിരം ശല്യക്കാരനായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഭാര്യ മർദ്ദനത്തെ തടുത്തപ്പോള്‍ രോഷാകുലനായ ഷാരൂണ്‍ കുട്ടിയെ എടുത്ത് നിലത്തേക്കെറിയുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ ഷാരൂണിനെ തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

