ഗാന്ധിനഗർ: കൈപ്പുഴക്കാറ്റിൽ മീൻ പിടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തെ തുടർന്ന് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. നീണ്ടൂർ ചിറക്കൽ വീട്ടിൽ വിപിൻ ജനാർദനൻ (20), കൈപ്പുഴ കരിമ്പിൻപറമ്പിൽ വീട്ടിൽ ശ്രീജിത് രാജു (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൈപ്പുഴ ജയന്തി ജംങ്ഷൻ ഭാഗത്തുള്ള യുവാവിനെയും സുഹൃത്തിനെയുമാണ് ഇവർ ആക്രമിച്ചത്. മീൻ പിടിക്കാൻ കൈപ്പുഴക്കാറ്റ് ചാലിൽ കൂടുവെച്ചിരുന്നത് എടുത്തതിനെ ചൊല്ലിയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് പ്രതികൾ യുവാവിനെയും സുഹൃത്തിനെയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
ഏറ്റുമാനൂർ, കടുത്തുരുത്തി, ഗാന്ധിനഗർ സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെ കേസുകളിൽ പ്രതിയാണ് വിപിൻ. ശ്രീജിത് രാജുവിന് ഗാന്ധിനഗര്‍ സ്റ്റേഷനിലും കേസ് നിലവിലുണ്ട്. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ പി.പി. മനോജ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

