Friday, May 24, 2024
spot_img

മണിപ്പൂരിൽ ആദ്യം മൗനം പാലിച്ചത് കോൺഗ്രസ്; ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവിട്ട് BJP ! |BJP|

ലോക്സഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന് ഭരണപക്ഷം കണക്കിന് മറുപടി കൊടുത്തിരിക്കുകയാണ്. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ മണിപ്പൂരിനെപ്പറ്റിയുള്ള പരാമർശങ്ങളുമുണ്ടായിരുന്നു. എന്നാൽ കോൺഗ്രസിന്റെ മണിപ്പൂരിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് ചുട്ടമറുപടി നൽകുകയാണ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇന്ന് ബി.ജെ.പിയെ മണിപ്പൂരിന്റെ പേര് പറഞ്ഞു വിമർശിക്കുന്നവർ 1993ല്‍ മണിപ്പൂരില്‍ അക്രമമുണ്ടായപ്പോള്‍ പി.വി. നരസിംഹറാവു മൗനത്തിലായിരുന്നു. 2011ല്‍ മണിപ്പൂരില്‍ സംഘര്‍ഷമുണ്ടാവുകയും 100 ദിവസത്തോളം റോഡുകള്‍ നിശ്ചലമാവുകയും ചെയ്തപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പാര്‍ലമെന്‍റില്‍ മൗനത്തിലായിരുന്നു. എന്നിട്ടാണ് ഇപ്പോൾ ബി.ജെ.പിയെ വിമർശിക്കുന്നതെന്നും ഇത് കോൺഗ്രസിന്റെ സൗകര്യമനുസരിച്ചുള്ള രാഷ്ട്രീയമല്ലാതെ മറ്റെന്താണെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുറന്നടിച്ചു.

മുന്‍പ് കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് മിണ്ടാത്തവരാണ് ഇപ്പോള്‍ പ്രതിപക്ഷത്തിരുന്ന് ബഹളം വെയ്ക്കുന്നത്. പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് പ്രസ്താവന നടത്തണമെന്ന ആവശ്യത്തിന്‍റെ പേരില്‍ കഴിഞ്ഞ 17 ദിവസമായി അവര്‍ പാര്‍ലമെന്‍റ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രി പ്രതിപക്ഷത്തിന്റെ തൊലിയുരിക്കാന്‍ തുടങ്ങിയതോടെ, കള്ളം വെളിച്ചത്താവുന്നുവെന്ന് കണ്ട പ്രതിപക്ഷം തന്ത്രപൂര്‍വ്വം ഒന്നടങ്കം സഭയില്‍ നിന്നും വാക്കൗട്ട് നടത്തുകയായിരുന്നു. എന്നാൽ, പ്രതിപക്ഷത്തിന്റെ ഈ കൗശലത്തെയും കേന്ദ്രമന്ത്രി വാരിയലക്കി. ഈ വാക്കൗട്ടിനര്‍ത്ഥം പ്രതിപക്ഷത്തിന് തന്നെ സ്വന്തം അവിശ്വാസപ്രമേയത്തെക്കുറിച്ച് വിശ്വാസമില്ല എന്നാണ്. പുറത്തേക്കുള്ള വഴി ജനങ്ങള്‍ തന്നെ ഒരിയ്ക്കല്‍ പ്രതിപക്ഷത്തിന് കാണിച്ച് കൊടുത്തതാണ്. ഇപ്പോള്‍ അവര്‍ വീണ്ടും പാര്‍ലമെന്‍റിനകത്ത് നിന്നും കൂടി പുറത്തേക്ക് പോവുകയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പരിഹസിച്ചു.

കൂടാതെ, നമ്മുടെ പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് പാര്‍ലമെന്‍റിന് പുറത്ത് സംസാരിച്ചിരുന്നു. പക്ഷെ പാര്‍ലമെന്‍റിനകത്ത് വച്ച് തന്നെ ചർച്ച വേണമെന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമായിരുന്നു. എന്നാൽ, ആഭ്യന്തരമന്ത്രി പല തവണ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടും അവര്‍ 17 ദിവസമായി പാര്‍ലമെന്‍റ് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അതേസമയം, വടക്ക് കിഴക്കന്‍ സംസ്ഥാനത്തിലെ പ്രശ്നങ്ങള്‍ ആളിക്കത്തിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ‍ പ്രശ്നങ്ങള്‍ എല്ലാക്കാലത്തും ആളിക്കത്തിച്ചിരുന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തന്നെയാണ്. ഇവിടെ അക്രമം ഉണ്ടാക്കാന്‍ അവര്‍ വിദേശ രാഷ്ട്രങ്ങളെ അനുവദിക്കുന്നു. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ വിഘടനവാദികളെ കൊണ്ടുവന്നതും അവർക്ക് പൗരത്വവും പാർപ്പിടവും നൽകിയതും കോൺഗ്രസാണ്. സ്വന്തം നേട്ടത്തിനായി കോൺഗ്രസ് നടത്തിയ പ്രീണന രാഷ്‌ട്രീയത്തിൽ നിന്നാണ് വടക്കുകിഴക്കൻ മേഖലയിലെ എല്ലാ പ്രശ്‌നങ്ങളും ആരംഭിച്ചതെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

കൂടാതെ, കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം മണിപ്പൂര്‍ സമാധാനപൂര്‍ണ്ണമായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലുള്ളപ്പോഴത്തേതിനേക്കാള്‍ സായുധ കലാപങ്ങള്‍ മൂന്ന് മടങ്ങ് ഇപ്പോൾ മണിപ്പൂരിൽ കുറവാണെന്നും കണക്കുകള്‍ നിരത്തി കേന്ദ്രമന്ത്രി വ്യക്തമാക്കി. കൂടാതെ, യുപിഎയുടെ ഭരണകാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, തിരസ്‌കരിക്കപ്പെട്ട 7 സഹോദരിമാർ എന്നായിരുന്നു അറിയപ്പെട്ടത്. വടക്ക് കിഴക്കന്‍ മേഖലയിലെ ഏഴ് സഹോദരിമാര്‍ അതായത്, ഏഴ് സംസ്ഥാനങ്ങള്‍ മോദി സർക്കാരിന് മുന്‍പ് പാടെ അവഗണിക്കപ്പെട്ട നിലയിലായിരുന്നു. പക്ഷെ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോൾ ഈ സംസ്ഥാനങ്ങളെ തമ്മിലും പുറത്തെ രാഷ്ട്രങ്ങളുമായും ബന്ധിപ്പിച്ചുവെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. എന്തായാലും മണിപ്പൂർ വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Related Articles

Latest Articles