കശ്മീർ: കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്ത് തരിപ്പണമാക്കി ഇന്ത്യൻ സൈന്യം. കശ്മീരിലെ ഹന്ദ്വാര ജില്ലയിലെ വാർപൊരയിൽ സൈന്യത്തിന്റെ റോഡ് ഓപ്പണിംഗ് പാർട്ടിക്കിടെയാണ് ഉഗ്രസ്ഫോടന ശേഷിയുള്ള ഐ ഇ ഡി സൈന്യം കണ്ടെത്തിയത്.
തുടർന്ന് സ്ഥലത്തെത്തിയ സി ആർ പി എഫ് ബോംബ് സ്ക്വാഡ് സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി.
കഴിഞ്ഞ മാസവും ഭീകരരുടെ ഇത്തരത്തിലുള്ള നിരവധി ശ്രമങ്ങൾ സൈന്യത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ പരാജയപ്പെട്ടിരുന്നു. നവംബർ 21ന് അനന്ത്നാഗിന് സമീപം ജമ്മു- ശ്രീനഗർ ഹൈവേയിലും നവംബർ 19ന് ജമ്മു-പൂഞ്ച് ഹൈവേയിലും സൈന്യം സ്ഫോടക വസ്റ്റുക്കൾ കണ്ടെത്തി നിർവ്വീര്യമാക്കിയിരുന്നു.
ജമ്മു കശ്മീരിൽ നിന്ന് നിരന്തരം സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നത് പ്രദേശത്ത് ഇപ്പോഴും നിലനിൽക്കുന്ന ഭീകരസാന്നിദ്ധ്യത്തിന്റെ തെളിവാണ്. ശ്രീനഗർ നഗരത്തിൽ ജനങ്ങളെ ഭീഷണിപ്പെടുത്തിയതിനും സുരക്ഷാ സേനക്കും പൊലീസിനുമെതിരെ പെട്രോൾ ബോംബ് എറിഞ്ഞതിനും അഞ്ച് പേരെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആർട്ടിക്കിൾ 370ഉം 35എയും റദ്ദാകിയതിൽ പ്രതിഷേധിച്ചാണ് ഭീകരവാദികൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്ന് പൊലീസ് അറിയിച്ചു. ഹിന്ദ്വാരയിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

