Friday, May 17, 2024
spot_img

മനംനിറഞ്ഞ് അയ്യനെ വണങ്ങി ഇസ്രയേല്‍ സംഘം സന്നിധാനത്ത്

സന്നിധാനം:അതുല്യം അനുപമം വിവരണാതീതം’ ആദ്യമായി സന്നിധാനത്തെത്തിയ ഇസ്രയേലുകാരുടെ വാക്കുകളില്‍ നിറഞ്ഞത് ശബരിമല സമ്മാനിച്ച അപൂര്‍വ്വാനുഭവം. കാനനവാസന്റെ ശ്രീകോവില്‍നടയില്‍ നിന്ന് തൊഴുത് പ്രസാദകളഭം തൊട്ട് സോപാനത്ത് എത്തിയ ടെല്‍ അവീവില്‍ നിന്നുള്ള സഞ്ചാരികളായ ഗാബിയും ടാലിയും ഡോവിയും സെവിയും വാചാലരായി. അപ്രതീക്ഷിതമായിരുന്നു ഈ സന്ദര്‍ശനമെന്ന് എഴുപത് പിന്നിട്ട അവര്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ മധുര, തഞ്ചാവൂര്‍, കന്യാകുമാരി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും മറ്റും സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തെത്തിയ ഇവര്‍ വര്‍ക്കല പാപനാശവും കോവളവും പോയ ശേഷമാണ് ശബരിമലയിലേക്ക് യാത്ര തിരിച്ചത്. സന്നിധാനത്തെത്തിയ നാലുപേര്‍ക്കും പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് വഴികാട്ടിയായി. ക്ഷേത്രത്തിന്റെ ഐതിഹ്യവും സവിശേഷതയും ആചാരവും അദ്ദേഹം വിശദീകരിച്ചു. ഉച്ചപൂജ സമയത്ത് ദര്‍ശനം നടത്തിയ നാലുപേര്‍ക്കും മേല്‍ശാന്തി പ്രസാദം നല്‍കി.

ഇരു മുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരെ വിസ്മയത്തോടെ അവര്‍ നോക്കി നിന്നു. മറ്റെവിടെയും കാണാത്ത ആചാരാനുഷ്ഠാനങ്ങളിലും ആതിഥ്യമര്യാദയിലും മനം നിറഞ്ഞു. ഇന്ത്യയെക്കെുറിച്ച്‌ വായിച്ചറിഞ്ഞാണ് ഇവിടെ വന്നതെന്നും ദക്ഷിണേന്ത്യ വിസ്മയിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു. പോലീസ് നല്‍കിയ ഭക്ഷണവും കഴിച്ച ശേഷമാണ് മലയിറങ്ങിയത്. ഇവര്‍ രണ്ടു ദിവസം കഴിഞ്ഞ് നെടുമ്ബാശ്ശേരിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറക്കും. കേരളത്തിന്റെ പ്രകൃതിഭംഗിയും ഭക്ഷണവും ശബരീശ സന്നിധി പകര്‍ന്നു നല്‍കിയ അനുഭവങ്ങളും എന്നും ഓര്‍മയിലുണ്ടാകുമെന്നും അവർ പറഞ്ഞു

Related Articles

Latest Articles