Friday, May 17, 2024
spot_img

കോടികളുടെ കുടിശ്ശിക; എ.ഐ. ക്യാമറയുടെ പ്രവർത്തനം നിലയ്ക്കുന്നു ! നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടും കരാർ കമ്പനി ഒരുമാസമായി നോട്ടീസ് അയക്കുന്നില്ല

റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാനെന്ന അവകാശവാദത്തോടെ റോഡ് നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴയീടാക്കാനായി കോടികള്‍ മുടക്കി കൊട്ടിയാഘോഷിച്ച് സംസ്ഥാന സർക്കാർ സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു. കരാര്‍ കമ്പനിയായ കെൽട്രോണിന് കോടികളുടെ കുടിശ്ശികയാണ് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ളത്. പണമില്ലാത്തതിനാല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടും ഒരുമാസമായി കെല്‍ട്രോണ്‍ തപാല്‍മാര്‍ഗം പിഴ നോട്ടീസ് അയക്കുന്നില്ല. മാത്രമല്ല വൈദ്യുതി കുടിശ്ശികയായതോടെ ക്യാമറയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതും നിയമലംഘനങ്ങളുടെ പിഴ ഏകോപിപ്പിക്കുന്നതുമായ കണ്‍ട്രോള്‍ റൂമുകള്‍ക്കും പൂട്ടുവീഴും. ഇലക്ട്രിസിറ്റി ബോർഡ് ബില്ല് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും കുടിശ്ശികയടക്കാന്‍ കഴിഞ്ഞിട്ടില്ല.

സർക്കാരുമായുള്ള കരാര്‍പ്രകാരം വൈദ്യുതി കുടിശ്ശിക നല്‍കേണ്ടത് കെൽട്രോണാണ്. എന്നാല്‍ സര്‍ക്കാര്‍ പണം നൽകാത്തതിനാൽ വൈദ്യുതി കുടിശ്ശിക കെൽട്രോണിന് കീറാമുട്ടിയാകുകയാണ്.പണം ലഭിക്കാത്തതിനാൽ കെഎസ്ഇബി ഫ്യൂസ് ഊരിയാൽ എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കും.

ഫോണ്‍നമ്പരും വാഹന നമ്പരുമായി ബന്ധിച്ചിട്ടുണ്ടെങ്കിൽ പിഴ ലഭിച്ച വിവരം ഫോണിൽ സന്ദേശമായി എത്തും. അല്ലാത്തവർക്ക് തപാല്‍മാര്‍ഗം നോട്ടീസാണ് ലഭിക്കുന്നത്, ഒരുമാസമായി നോട്ടീസ് അയക്കാത്തതിനാല്‍ നിയമലംഘനത്തിന് പിഴ ഒടുക്കാൻ ഉണ്ടെങ്കിലും പലരും അറിയുന്നില്ല. കുറച്ചു ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ നോട്ടീസ് അയക്കുന്നത്.

ക്യാമറകള്‍ സ്ഥാപിച്ചതിന്റെ പണം ഇനിയെങ്കിലും ലഭിച്ചില്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുകളുമായി മുന്നോട്ടു പോകാനാകാത്ത സ്ഥിയിലാണ് കെൽട്രോൺ.ക്യാമറകള്‍ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുവായ 11.79 കോടി പോലും ഇതുവരെയും ലഭിച്ചില്ല എന്നാണ് വിവരം. പ്രതിമാസം ഒരുകോടി രൂപയോളം സ്വന്തം പോക്കറ്റിൽ നിന്ന് ചെലവഴിച്ചാണ് പദ്ധതി കെല്‍ട്രോണ്‍ നടത്തുന്നത്.

Related Articles

Latest Articles