ബെംഗളൂരു: രണ്ട് കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകളുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി സുബൈര്‍, പടീല്‍ സ്വദേശി ദീപക് കുമാര്‍, ബജ്പെ സ്വദേശി അബ്ദുല്‍ നസീര്‍ എന്നിവരാണ് പിടിയിലായത്.
അഡയാറിൽനിന്ന് ലാൽബാഗിലേക്കുള്ള യാത്രാമധ്യേ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 92 ലക്ഷത്തി അന്‍പതിനായിരം രൂപയുടെ അസാധുവാക്കപ്പെട്ട നോട്ടുകളാണ് പൊലീസ് പിടികൂടിയത്. ഈ നോട്ടുകള്‍ ശിവമോഗ, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികള്‍ വെളിപ്പെടുത്തി.
രണ്ട് ബാഗുകളിലായാണ് നോട്ടുകൾ സൂക്ഷിച്ചിരുന്നത്. ആയിരം രൂപയുടെ 10 കെട്ടുകളും 500 രൂപയുടെ 57 കെട്ടുകളുമാണ് ഉണ്ടായിരുന്നത്. 50 ശതമാനം മൂല്യമുള്ള പഴയ നോട്ടുകള്‍ ബാങ്ക് എടുക്കുമെന്ന് പ്രചരിപ്പിച്ച് ആളുകളെ കബളിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടത്തിക്കൊണ്ട് വന്ന പണം സൂക്ഷിക്കാനാണ് മംഗളൂരുവില്‍ എത്തിച്ചത്.

