മലയാള സിനിമയിൽ അഭിമുഖങ്ങളിലൂടെയല്ലാതെ, സംവിധാനം ചെയ്യുന്ന സിനിമകളിലൂടെ വലിയ ചര്‍ച്ചകള്‍ തന്നെ സൃഷ്‍ടിക്കാറുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഡയറക്റ്റ് ഒടിടി റിലീസ് ആയി പുതിയ ചിത്രം ‘ചുരുളി’ എത്തിയപ്പോഴും അക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. കാഴ്ചയുടെ പുതിയ അനുഭവതലം സമ്മാനിച്ച് ചുരുളി പുതിയ ചര്‍ച്ചകള്‍ തീര്‍ക്കുമ്പോള്‍ ലിജോ മമ്മൂട്ടിച്ചിത്രത്തിന്റെ തിരക്കിലാണ്.മമ്മൂട്ടി ആദ്യമായി ലിജോയുടെ നായകനാവുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. പഴനിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ പുതിയ ലൊക്കേഷന്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.
” നൻപകൽ നേരത്ത് മയക്കം” എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിന്‍റെ ഖ്യാതി രാജ്യാതിരുകള്‍ കടത്തിയ സംവിധായകന്‍ മമ്മൂട്ടിയുമായി ഒന്നിക്കുന്നത്. ഒരു രംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പില്‍ നില്‍ക്കുന്ന ലിജോയെയും മമ്മൂട്ടിയെയും ചിത്രത്തില്‍ കാണാം. മമ്മൂട്ടിയുടെയും ലിജോയുടെയും ആരാധകരും സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗവും ഈ ചിത്രത്തെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
മമ്മൂട്ടി കമ്പനി എന്ന പേരിലുള്ള പുതിയ നിർമ്മാണക്കമ്പനിയുടെ പേരിലാണ് നിർമാണം. സഹനിര്‍മ്മാതാവായി ലിജോ ജോസ് പെല്ലിശ്ശേരിയുമുണ്ട്. എസ് ഹരീഷ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തലം തമിഴ്നാട് ആണ്. അശോകന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം മറ്റൊരു ചിത്രത്തിനുവേണ്ടിയും ലിജോയും മമ്മൂട്ടിയും ഒന്നിക്കുന്നുണ്ട്. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലെ ഒരു ഭാഗം സംവിധാനം ചെയ്യുന്നത് ലിജോയാണ്. ഈ ചിത്രത്തിലെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. കടുഗണ്ണാവ ഒരു യാത്ര എന്ന എംടി കഥയാണ് ലിജോ സിനിമാരൂപത്തിലാക്കുന്നത്.

