ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന,ജാർഖണ്ഡ് സംസ്ഥാനങ്ങൡ ആർട്ടിക്കിൾ-370 പ്രചാരണ ആയുധമാക്കാൻ ബിജെപി. ഇതിനെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ-370 കേന്ദ്രം റദ്ദാക്കിയിരുന്നു. ആർട്ടിക്കിൾ-370 നെകുറിച്ച് ദേശീയ തലത്തിലും പ്രചാരണം നടത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കൂടുതൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ രാജ്യത്തൊട്ടാകെ 370 സ്ഥലങ്ങളിൽ പ്രചാരണം നടത്താനായിരുന്നു പാർട്ടി ലക്ഷ്യമിട്ടത്. പിന്നീട് 1000 സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. സെപ്റ്റംബർ 22 ന് മഹാരാഷ്ട്രയിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കും. ബെംഗ്ളൂരു, ഡൽഹി, കൊൽക്കത്ത, ഛണ്ഡിഗ്രാഹ് എന്നിവിടങ്ങളിൽ ബിജെപി വർക്കിങ്ങ് പ്രസിഡന്റ് ജെപി നദ്ദ പങ്കെടുക്കും.
പാട്നയിൽ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പങ്കെടുക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന ഓരോ സംസ്ഥാനങ്ങളിലും 50 പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി ആസൂത്രണം ചെയ്യുന്നത്. ഇതു സംബന്ധിച്ച അന്തിമരൂപം ഉടൻ ഉണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

