ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഏതു വിധേനെയും രാജ്യസഭയിൽ കയറിപ്പറ്റാൻ നീക്കങ്ങളുമായി മുൻ ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ. ആപ്പിന്റെ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപി സഞ്ജീവ് അറോറയെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് ഈ നീക്കങ്ങളുടെ ഭാഗമാണ് എന്നാണ് റിപ്പോർട്ട്.
സഞ്ജീവ് അറോറ രാജിവെക്കുന്ന രാജ്യസഭാ സീറ്റിലേക്ക് കെജ്‌രിവാൾ എത്തുമെന്നാണ് വിവരം. പഞ്ചാബിലെ ലുധിയാന വെസ്റ്റിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്ക് സഞ്ജീവ് അറോറയെ ഇന്ന് രാവിലെയാണ് എഎപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എഎപിയുടെ സിറ്റിങ് സീറ്റാണിത്.ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പഞ്ചാബിൽ മന്ത്രിസ്ഥാനംവരെ കെജ്രിവാൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ യുവനേതാവും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ പർവേഷ് വർമ്മയോടാണ് കെജ്‌രിവാൾ തോറ്റത്. ഇതോടെ ദേശീയരാഷ്ട്രീയത്തിൽ കെജ്‌രിവാളിന്റെ പ്രധാന്യവും താരപദവിയും കുറഞ്ഞെന്ന കണക്കുകൂട്ടലിലാണ് ആം ആദ്മി പാർട്ടി.

