Tuesday, May 21, 2024
spot_img

ആര്യൻ ഖാന്റെ അറസ്റ്റ്; ബ്ലാക്ക് മെയിൽ ചെയ്ത് തട്ടാൻ പദ്ധതിയിട്ടത് 25 കോടി, 18 കോടിക്ക് തുക ഉറപ്പിച്ചു; സമീർ വാങ്കഡെ കുരുക്കിൽ

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കള്ളക്കേസിൽ കുടുക്കി മഹാരാഷ്ട്ര എൻസിബി മുൻ സോണൽ ഡയറക്ടറായിരുന്ന സമീർ വാങ്കഡേ തട്ടാൻ പദ്ധതിയിട്ടത് 25 കോടിയെന്ന് സിബിഐ എഫ്ഐആർ. ആര്യൻ ഖാനെതിരെ വ്യാജ കേസ് ചമച്ച് അതുവഴി ഷാരൂഖ് ഖാനെ ബ്ലാക്ക് മെയിൽ ചെയ്ത് 25 കോടി രൂപ ആവശ്യപ്പെടാനായിരുന്നു ഉദ്യോ​ഗസ്ഥന്റെ പദ്ധതി. എന്നാൽ 18 കോടിക്ക് തുക ഉറപ്പിക്കുകയും 50 ലക്ഷം മുൻകൂറായി വാങ്ങുകയും ചെയ്തെന്ന് എഫ്ഐആറിൽ ആരോപിക്കുന്നു .

കിരൺ ഗോസാവി എന്ന വിവാദ വ്യക്തിയുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയതും പദ്ധതി ആസൂത്രണം ചെയ്തതും. സമീർ വാങ്കഡേ നിരവധി വിദേശയാത്രകൾ നടത്തി. എന്നാൽ, ഇവയെക്കുറിച്ച് സിബിഐക്ക് മുന്നിൽ കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. അതി​ഗുരുതരമായ ആരോപണങ്ങളാണ് ഉദ്യോ​ഗസ്ഥനെതിരെ സിബിഐ ഉയർത്തിയിരിക്കുന്നത്. വെള്ളിയാഴ്ച സമീറിന്റെ വീടും ഓഫീസും സിബിഐ റെയ്ഡ് ചെയ്തിരുന്നു. മഹാരാഷ്ട്ര എൻസിബി മുൻ സോണൽ ഡയറക്ടറാണ് സമീർ വാങ്കഡെ.

2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മുംബൈയിലെ ആഡംബര കപ്പലായ കോ‍ർഡേലിയ ഇംപ്രസയില്‍ സമീര്‍ വാങ്കഡേ നേതൃത്വം നല്‍കുന്ന സംഘം റെയ്ഡ് നടത്തുകയും ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ അറസ്റ്റിലാകുക.യും ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതും ഉപയോഗിച്ചതും കടത്തിയതും അടക്കമുള്ള ആരോപണങ്ങളായിരുന്നു ആര്യന്‍ ഖാനെതിരെ ചുമത്തിയത്. 22 ദിവസത്തെ ജയിൽ വാസത്തിന് ശേഷം തെളിവുകളുടെ അഭാവത്തില്‍ ആര്യൻ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി വെറുതെ വിടുകയായിരുന്നു.

പിന്നീടാണ് സംഭവത്തിന് പിന്നിൽ ഉദ്യോ​ഗസ്ഥനായ സമീർ വാങ്കഡെക്ക് പങ്കുണ്ടെന്ന ആരോപണമുയർന്നത്. ശേഷം കേസ് സിബിഐ ഏറ്റെടുത്തു. സമീര്‍ വാങ്കഡേ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ദില്ല, മുംബൈ, റാഞ്ചി, ലക്നൌ, ഗുവാഹത്തി, ചെന്നൈ അടക്കമുള്ള 30 ഓളം ഇടങ്ങളില്‍ റെയ്ഡും നടത്തി. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഐആര്‍എസ് ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡേയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് സിബിഐ വെള്ളിയാഴ്ച വിശദമാക്കി. വിജിലന്‍സ് അന്വേഷണത്തില്‍ സമീര്‍ വാങ്കഡേ അഴിമതിയിലൂടെ പണം സമാഹരിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ ജനശ്രദ്ധ കിട്ടിയ ഉദ്യോ​ഗസ്ഥനായിരുന്നു സമീർ വാങ്കഡെ.

Related Articles

Latest Articles