ബെംഗളൂരു :ഇന്ത്യയിൽ വിരുന്നെത്തുന്ന പല വിദേശ ടീമുകൾക്കും തലവേദനയാകുന്നത് ഇന്ത്യയിലെ കറങ്ങിത്തിരിയുന്ന സ്പിൻ പിച്ചുകളാണ്. ഇത്തരം പിച്ചുകളിൽ ഇന്ത്യൻ സ്പിന്നർമാർ എതിർ ബാറ്റർമാർക്ക് തലവേദനയാകാറുണ്ട്. പല ഇന്ത്യൻ വിജയങ്ങൾക്കും സ്പിന്നർമാരുടെ പ്രകടനം നിർണ്ണായകമായി.
ബോർഡർ–ഗവാസ്കർ ട്രോഫിക്ക് ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ താരങ്ങളും ബെംഗളൂരുവിൽ പരിശീലനം ആരംഭിച്ചു. തലവേദന സൃഷ്ഠിക്കാൻ ഏറെ സാധ്യതയുള്ള വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ നേരിടുന്നതിലാണ് അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനായി അശ്വിന്റെ തന്ത്രങ്ങളെ നേരിടാൻ ‘ഡ്യൂപ്ലിക്ലേറ്റ്’ അശ്വിനെ ഉപയോഗിച്ച് പരിശീലനം നടത്താനുള്ള ഒരുക്കത്തിലാണ് കങ്കാരുക്കൾ. നെറ്റ്സിൽ പന്തെറിയുന്നതിനായി മഹേഷ് പിഥിയ എന്ന താരത്തെ ഓസ്ട്രേലിയൻ ബോർഡ് ബെംഗളൂരുവിൽ എത്തിച്ചതായാണ് റിപ്പോർട്ട്.
അശ്വിന്റെ ബോളിങ് ആക്‌ഷനുമായി ഏറെ സാമ്യമുള്ളയാളാണ് മഹേഷ് പിഥിയ. മഹേഷ് ബോൾ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓസ്ട്രേലിയൻ സപ്പോർട്ടിങ് സ്റ്റാഫ്, ബെംഗളൂരു കെഎസ്‌സിഎ ഗ്രൗണ്ടിൽ നടക്കുന്ന നാല് ദിവസത്തെ പരിശീലന ക്യാംപിലേക്ക് താരത്തെ വിളിപ്പിച്ചതെന്നാണ് വിവരം.

