ദില്ലി : അഴിമതിക്കെതിരായ പോരാട്ടത്തില്‍ കണക്കുകൾ നിരത്തി ഇഡിയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 വരെ കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം 1800 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും എന്നാല്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 4700 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ഒരുലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള സ്വത്ത് വകകൾ കണ്ടുകെട്ടുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
‘2014 വരെ കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം 1800 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 4700 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2014 വരെ 5000 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് ഇ.ഡി. കണ്ടുകെട്ടിയതെങ്കില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് അത് ഒരുലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള സ്വത്തുക്കളായി വര്‍ധിച്ചു. പ്രോസിക്യൂഷന്‍ പരാതികളുടെ എണ്ണവും പത്ത് മടങ്ങ് വര്‍ധിച്ചു. ഭീകരതയ്ക്ക് ഫണ്ട് ചെയ്തവര്‍, സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍, മയക്കുമരുന്ന് വ്യാപാരം എന്നിവയുമായെല്ലാം ബന്ധപ്പെട്ട ചില വ്യക്തികളെ ഇ.ഡി. അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവഴി നിരവധി കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിഞ്ഞു. ആയിരം കോടി രൂപയിലേറെ മൂല്യമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇത്തരത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ചില ആളുകള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ആ കാരണം കൊണ്ടുതന്നെ അവര്‍ രാവും പകലും മോദിയെ അധിക്ഷേപിക്കുകയാണ്. പക്ഷേ രാജ്യത്തിന് അവരോട് ഒരു അനുകമ്പയുമില്ല.’ – നരേന്ദ്ര മോദി പറഞ്ഞു.

