Saturday, January 10, 2026

പരീക്ഷാഫലം വരുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുന്നേ ലോകത്തോട് വിടപറഞ്ഞ് അശ്വതി; സ്വന്തം മകളുടെ ഉയർന്ന വിജയം ആഘോഷിക്കേണ്ടതിന് പകരം നിറകണ്ണുകളോടെ വിതുമ്പുകയാണ് മാതാപിതാക്കൾ

തിരുവനന്തപുരം: ഏതാനും ദിവസങ്ങൾക്ക് മുൻപ് ചെള്ള് പനി ബാധിച്ച് മരിച്ച അശ്വതിയുടെ വാർത്ത നമ്മൾ എല്ലാവരും കണ്ടതാണ്. പത്താം ക്ലാസ് പരീക്ഷ എഴുതി റിസൾട്ടിനായി കാത്തിരിക്കുകയായിരുന്നു അശ്വതി. ഇക്കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു കൊല്ലം പാരിപള്ളി മെഡിക്കൽ കോളേജിൽ വച്ച് വർക്കല സ്വദേശിയായ അശ്വതി എസ് എസ് മരിച്ചത്. അയന്തി പന്തുവിള പറങ്കിമാംവിള വീട്ടിൽ ഷാജി ദാസ്, അനിതകുമാരി ദമ്പതികളുടെ ഇളയ മകളാണ് അശ്വതി(15) . തന്റെ മിന്നുന്ന വിജയം കാണാതെയാണ് അശ്വതി ഈ ലോകത്തിൽ നിന്നും വിടവാങ്ങിയത്.

റിസൾട്ട് വന്ന ദിവസം അശ്വതി ഉണ്ടായിരുന്നെങ്കിൽ അവളുടെ വിജയം ആഘോഷിക്കേണ്ട വീട്ടിൽ അശ്വതിയുടെ വിയോഗത്തിൻ്റെ ഞെട്ടൽ മാറാതെ കഴിയുകയാണ് മാതാപിതാക്കൾ. നല്ല മാർക്ക് നേടി എസ്.എസ്. എൽ.സി വിജയിക്കുമെന്ന് അശ്വതി വീട്ടുകാരോട് പറഞ്ഞിരുന്നു. തൻ്റെ വാക്ക് പാലിച്ച അശ്വതി പക്ഷേ ഒരു നാടിന് തന്നെ ഇപ്പൊൾ നോമ്പരമാണ്. ഏഴു വിഷയത്തിൽ എ പ്ലസും രണ്ടു വിഷയത്തിൽ എയും ഒരെണ്ണത്തിൽ ബി പ്ലസുമാണ് അശ്വതിക്ക് ലഭിച്ച ഗ്രേഡ്.

അശ്വതി അന്ത്യവിശ്രമം കൊള്ളുന്നത് വീടിനോട് ചേർന്നാണ്. അശ്വതി തങ്ങൾക്ക് തന്ന വാക്ക് പാലിച്ചെങ്കിലും മുന്നോട്ട് തങ്ങൾക്കൊപ്പം തങ്ങളുടെ മകൾ ഇല്ല എന്ന സത്യം ഉൾക്കൊള്ളാൻ പിതാവ് ഷാജിക്കും മാതാവ് അനിതയ്ക്കും കഴിഞ്ഞിട്ടില്ല. വര്‍ക്കല ഞെക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അശ്വതി. മിന്നുന്ന വിജയം സ്കൂളിലെ വിദ്യാർത്ഥികൾ നേടിയെങ്കിലും സഹപാഠികൾക്കും അധ്യാപകർക്കും ഒരുപോലെ വേദനയാണ് അശ്വതിയുടെ വിടവാങ്ങൽ.

 

Related Articles

Latest Articles