Sunday, May 26, 2024
spot_img

ചക്ക നിസാരക്കാരനല്ല !സ്കോട്ട്ലൻഡിൽ നടന്ന ലേലത്തിൽ ചക്ക വിറ്റ് പോയത് 1,40,000 രൂപക്ക്!!

എഡിൻബറോ ∙ സ്കോട്‌ലൻഡിലെ എഡിൻബറോയിലെ എഡിൻബറോ സെന്റ് അല്‍ഫോന്‍സാ ആന്‍ഡ് അന്തോണി പള്ളിയിൽ ലേലത്തിന് വച്ച ചക്ക വിറ്റ് പോയത് 1400 പൗണ്ടിന്. ഏകദേശം 1,40,000 ഇന്ത്യൻ രൂപയ്ക്ക് സമമായ തുകയാണിത്. ലേലത്തിലൂടെ ലഭിച്ച തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണ് പള്ളി ഭാരവാഹികളുടെ തീരുമാനം.

യുകെയിൽ ചക്കയ്ക്ക് ഉയർന്ന വില ലഭിക്കുന്നത് ഇതാദ്യമല്ല. ഇരുപത് മുതൽ 50 പൗണ്ടിന് വരെ വിറ്റു പോകുന്ന ചക്കകൾ ബ്രിട്ടനിലെ വിവിധ മലയാളികളുടെ കടകളിലും ഓപ്പൺ മാർക്കറ്റുകളിലും ലഭ്യമാണ്. കഴിഞ്ഞ വർഷം ഓപ്പൺ മാർക്കറ്റുകളിൽ 160 പൗണ്ടിന് വരെ വിൽപന നടന്നിരുന്നു.ബ്രസീലിൽ നിന്നെത്തിച്ച ചക്കയാണ് ലണ്ടനിൽ അന്ന് ഈ വിലയിൽ വിറ്റ് പോയത്.

ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചക്കകൾക്കാണ് യുകെയിലെ മലയാളികൾക്കിടയിൽ ഡിമാൻഡ്. മലേഷ്യയിൽ നിന്നെത്തുന്ന ചക്ക പത്തു പൗണ്ടിന് വരെ ലഭിക്കുമ്പോൾ ഫിലിപ്പീന്‍സ് ചക്ക നാലര പൗണ്ടിനും കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നു. ശ്രീലങ്കന്‍ ചക്കകള്‍ കഴിഞ്ഞ സീസണില്‍ ആറുമുതല്‍ ഏഴു വരെ പൗണ്ടിനാണ് വിറ്റു പോയിരുന്നത്. ചക്ക ചുളകള്‍ പ്രത്യേക പായ്ക്കറ്റിലാക്കി മുന്നു മുതൽ അഞ്ച് പൗണ്ട് വരെ വിലയ്ക്ക് യുകെയിലെ കടകളിൽ ലഭ്യമാണ്.

Related Articles

Latest Articles