Sunday, May 19, 2024
spot_img

15 നിമിഷത്തില്‍ എടിഎം കൊള്ളയടിക്കാനുള്ള വിദ്യ പഠിപ്പിക്കുന്ന ‘എടിഎം ബാബ’; സംഘത്തെ കണ്ടെത്തിയതായി ഉത്തര്‍പ്രദേശ് പോലീസ്

ലക്‌നൗ: തൊഴില്‍ രഹിതരായ യുവാക്കളെ വെച്ച് രാജ്യമെങ്ങും എടിഎമ്മുകള്‍ കൊള്ളയടിക്കുന്ന സംഘത്തെ കണ്ടെത്തിയതായി ഉത്തര്‍പ്രദേശ് പോലീസ്. അടുത്തിടെ ലക്‌നൗവിൽ നടന്ന എടിഎം കവര്‍ച്ചയില്‍ പിടിയിലായ നാല് യുവാക്കളില്‍ നിന്നാണ് ബീഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിന്‍റെ സൂചന ലഭിച്ചത്. ബിഹാറിലെ ചാപ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുധീര്‍ മിശ്ര അഥവ ‘എടിഎം ബാബ’ എന്ന് അറിയപ്പെടുന്നയാളാണ് ഈ സംഘത്തിന്‍റെ പ്രധാനയാള്‍.15 നിമിഷത്തില്‍ ഒരു എടിഎം കൊള്ളയടിക്കാനുള്ള ടെക്‌നിക് പല യുവാക്കള്‍ക്കും ഇയാള്‍ പഠിപ്പിക്കുന്നുണ്ടെന്നാണ് യുപി പോലീസ് പറയുന്നത്.

ലക്‌നൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു എടിഎം അടുത്തിടെ കൊള്ളയടിക്കപ്പെട്ടു. 39.58 ലക്ഷം രൂപയാണ് അപഹരിക്കപ്പെട്ടത്. 1000 ക്കണക്കിന് സിസിടിവി ദൃശ്യങ്ങളും ടോള്‍ ബൂത്തുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എടിഎം കവര്‍ച്ചക്കാര്‍ ഒരു നീലക്കാറിലാണ് രക്ഷപ്പെട്ടത് എന്ന് പോലീസ് കണ്ടെത്തി. കാര്‍ ഉടമ ബിഹാറിലെ സീതമാഹരി സ്വദേശിയാണ്. അതേ സമയം തന്നെ സുല്‍ത്താന്‍പൂര്‍ റോഡില്‍ നിന്നും നാലുപേരെ പോലീസ് പിടികൂടി. ഇവരില്‍ നിന്നും എടിഎമ്മില്‍ നിന്നും മോഷ്ടിച്ച പണത്തില്‍ നിന്നും 9.13 ലക്ഷം കണ്ടെത്തി. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എടിഎം ബാബയെക്കുറിച്ച് വിവരം കിട്ടിയത്.

മോഷണ സംഘത്തില്‍ നീരജ് എന്ന് പറഞ്ഞയാള്‍ അഞ്ചോളം പോലീസ് കേസില്‍ പ്രതിയായിരുന്നു. ഇയാളാണ് വെളിപ്പെടുത്തല്‍ നടത്തിയത്. എടിഎം കൊള്ളയടിക്കാനുള്ള തന്ത്രം സുധീര്‍ മിശ്രയാണ് പഠിപ്പിച്ചത് എന്ന് ഇയാള്‍ വ്യക്തമാക്കി. ജോലിയില്ലാത്ത യുവാക്കളെ തിരഞ്ഞെടുത്ത് മിശ്ര ചാപ്രയില്‍ എത്തിച്ചാണ് എടിഎം കവര്‍ച്ച പഠിപ്പിച്ചത്.

” യുപിയില്‍ നിന്നും ബിഹാറില്‍ എത്തിക്കുന്ന യുവാക്കള്‍ക്ക് എടിഎം കവര്‍ച്ച നടത്താന്‍ മൂന്ന് മാസത്തെ ക്രാഷ് കോഴ്‌സ് നൽകും. എടിഎമ്മിൽ പെട്ടെന്ന് പ്രവേശിക്കാനും എടിഎം ബൂത്തിന്റെ ഗ്ലാസ് ഭിത്തികളിലും ക്യാമറകളിലും പ്രത്യേക ദ്രാവകം സ്പ്രേ ചെയ്ത് കുറ്റം മറയ്ക്കാനും. എടിഎമ്മുകളുടെ ക്യാഷ് ബോക്‌സ് മുറിച്ച് 15 മിനിറ്റിനുള്ളിൽ പണം കവര്‍ന്ന് രക്ഷപ്പെടാനുമുള്ള വിദ്യകൾ അവരെ പഠിപ്പിക്കും” – സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ശൈലേന്ദ്ര ഗിരി പറഞ്ഞു.

പരിശീലനത്തിന് ശേഷം 15 ദിവസത്തെ പ്രാക്ടിക്കലും ഇവര്‍ക്ക് നല്‍കും. 15 മിനിറ്റോ അതിൽ കുറവോ സമയത്തിനുള്ളിൽ ടാസ്‌ക് പൂർത്തിയാക്കുന്ന യുവാക്കളെ മാത്രമേ മിശ്ര ഫീൽഡിലേക്ക് അയയ്‌ക്കൂ എന്നാണ് പോലീസിന് ലഭിച്ച മൊഴി പറയുന്നത്. നീരജിന്‍റെ മൊഴിക്ക് ശേഷം വിശദമായ അന്വേഷണത്തില്‍ ഇയാള്‍ പറഞ്ഞ രീതിയില്‍ 30 ഓളം എടിഎം കവര്‍ച്ചകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നതായാണ് വിവരം. മിശ്രയെ കുടുക്കാനുള്ള അന്വേഷണത്തിലാണ് യുപി പോലീസ്.

Related Articles

Latest Articles