Sunday, May 5, 2024
spot_img

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണം; പൊലീസിന് ഡിജിപിയുടെ സര്‍ക്കുലര്‍

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന് ഡിജിപി. ആശുപത്രികളിലെ പൊലീസ് എയ്ഡ് പോസ്റ്റുകള്‍ കാര്യക്ഷമമാക്കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതികളില്‍ വേഗത്തില്‍ നടപടിയെടുക്കാനും നിലവിലുള്ള കേസുകളില്‍ കര്‍ശന നടപടിയെടുക്കണമെന്നും ഡിജിപി അനില്‍കാന്ത് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

കാഷ്വാലിറ്റികളിലും ഒപികളിലും പോലീസ് കൃത്യമായ ഇടവേളകളിൽ നിരീക്ഷണം നടത്തണം. ആരോഗ്യ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമങ്ങളില്ലെന്ന് ഉറപ്പ് വരുത്തണമെന്നും സർക്കുലറിൽ പറയുന്നു. അതിക്രമങ്ങൾ സംബന്ധിച്ച ആരോഗ്യപ്രവർത്തകരുടെ പരാതി ലഭിച്ചാൽ ഉടനടി നടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങളിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ എത്രയുംവേഗം കോടതികളിലെത്തിക്കാനും ഡിജിപി നിർദേശം നൽകി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ നടപടിയെടുക്കണമെന്ന് നേരത്തെ ഹൈക്കോടതിയും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. കേരളത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാകുറ്റമാണ്. മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
അടുത്തിടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരായി അതിക്രമങ്ങള്‍ തുടര്‍ച്ചയായി നടന്നിട്ടും നടപടിയെടുക്കാത്തതില്‍ ആക്ഷേപം ശക്തമായിരുന്നു.

Related Articles

Latest Articles