കൊച്ചി: കൊച്ചി കാക്കനാട്ട് ജപ്തി നടപടിക്കെത്തിയ വനിതാ ഉദ്യോഗസ്ഥയെ വാക്കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമം. തൃക്കാക്കര പോലീസിന്റെ സാന്നിധ്യത്തിലാണ് കൊച്ചി കാക്കനാട് ചെമ്പുമുക്ക് സ്വദേശികളായ കെവിനും അമ്മയും ചേര്‍ന്ന് ജപ്തി നടപടിക്കെത്തിയ അഡ്വക്കേറ്റ് കമ്മീഷന്‍ ഉദ്യോഗസ്ഥയെയും എസ് ബി ഐ ബാങ്ക് അധികൃതരെയും വാക്കത്തി ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചത്.
എന്നാൽ ജപ്തി നടപടി പൂര്‍ത്തിയാക്കാതെ അധികൃതര്‍ മടങ്ങി. ബുധനാഴ്ച രാവിലെയാണ് SBI അധികൃതരും മജിസ്‌ട്രേറ്റ് പദവിയുള്ള അഡ്വക്കേറ്റ് കമ്മീഷനും തൃക്കാക്കര പോലീസിന്റെ സാന്നിധ്യത്തില്‍ കാക്കനാട് ചെമ്പുമുക്ക് കെവിന്റെ വീട് ജപ്തി നടത്താനായി എത്തിയത്.തുടർന്ന് ജപ്തി നടപടി ആരംഭിച്ചതോടെ കെവിനും അമ്മയും വീട്ടിലെ നായ്ക്കളെ അഴിച്ചുവിട്ടു. ഉദ്യോഗസ്ഥരെ വീട്ടില്‍ നിന്ന് തള്ളി പുറത്താക്കുകയും വാക്കത്തി കാണിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ ജപ്തിക്ക് നേതൃത്വം നല്‍കാന്‍ എത്തിയ വനിതാ അഡ്വക്കേറ്റ് കമ്മീഷന്‍ ഉദ്യോഗസ്ഥയ്ക്ക് വാക്കത്തി ആക്രമണത്തില്‍ പരിക്കേറ്റു.
അതേസമയം ജപ്തി നടപടി പ്രതിസന്ധിയിലായതോടെ തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥലത്തെത്തി അനുരഞ്ജന ചര്‍ച്ച നടത്തി. എന്നാല്‍ വായ്പയെടുത്ത തുകയ്ക്ക് ഈടായി തന്റെ സ്ഥലത്തിന്റെ ആധാരം ഒപ്പിട്ട് നല്‍കിയിട്ടില്ലെന്നാണ് കെവിന്റെ അമ്മയുടെ നിലപാട്. കൂടാതെ ബാങ്കില്‍ വ്യാജരേഖകള്‍ കാണിച്ച് മറ്റൊരാളാണ് ഇത്രയും വലിയ തുക ലോണെടുത്തിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. നേരത്തെ രണ്ട് തവണ ജപ്തി നടപടികള്‍ക്കായി ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ കെവിന്‍ വീട്ടിലെ വളര്‍ത്ത് നായ്ക്കളെ തുറന്ന് വിട്ട് ജപ്തി നടപടികള്‍ തടസപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് നായയെ പിടികൂടാന്‍ അനിമല്‍ വെല്‍ഫയര്‍ സംഘടനയുടെ സഹായവും ഇത്തവണ ബാങ്ക് അധികൃതര്‍ തേടിയിരുന്നു. 2016ലാണ് കെവിനും അമ്മയും ചേര്‍ന്ന് SBTപാലാരിവട്ടം ശാഖയില്‍ നിന്ന് വന്‍തുക ലോണെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ എറണാകുളം CJM കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജപ്തി നടപടിയിലേക്ക് ബാങ്ക് കടന്നത്.

