ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒമാന്‍ സ്വദേശിയായ 29-കാരന്‍ ഹമാം അല്‍ ഹമ്മാമിയാണ് ഈ ഭീകരശ്രമത്തിന് പിന്നില്‍. ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ അല്‍ഖ്വയ്ദ ഭീകരരുടെ ദൃശ്യങ്ങളും തീവ്രവാദ ആശയങ്ങളും പങ്കുവെച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒമാന്‍ എയറില്‍ ജോലി ചെയ്യവെ തീവ്രവാദ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചതിന് ഇയാളെ ഫ്‌ലൈയിംഗ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് റോയല്‍ എയര്‍ മൊറോക്കോയിലും ജോലി ചെയ്ത ഇയാള്‍ക്ക്, ദുബായിലെ ഫ്ലൈദുബായില്‍ മതിയായ പശ്ചാത്തല പരിശോധനയില്ലാതെ ജോലി ലഭിച്ചതെങ്ങനെയെന്നത് ദുരൂഹമാണ്. ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലാത്ത ഒമാനിലെ പൗരനെ തെല്‍ അവീവിലേക്കുള്ള സര്‍വീസിന് നിയോഗിച്ചതിലും ഗുരുതരമായ സുരക്ഷാവീഴ്ചകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ച ദുബായില്‍ നിന്ന് 174-ലധികം യാത്രക്കാരുമായി തെല്‍ അവീവിലേക്ക് പുറപ്പെട്ട ‘എഫ്.ഇസഡ് 1073’ വിമാനത്തിലാണ് സംഭവം നടന്നത്. കോക്പിറ്റില്‍ വെച്ച് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കോടാലികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി, വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് താഴേക്ക് ഇടിച്ചിറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റന്‍ അവസാന നിമിഷം കോക്പിറ്റ് വാതില്‍ തുറന്നതോടെ, യാത്രക്കാരും മറ്റ് ജീവനക്കാരും ചേര്‍ന്ന് അക്രമിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
സംഭവത്തെ ഒരു ഭീകരാക്രമണശ്രമമായാണ് യു.ഇ.എ പ്രോസിക്യൂട്ടര്‍ ജനറല്‍ വിശേഷിപ്പിച്ചത്. ഇതിന് പിന്നിലെ ബാഹ്യ ഇടപെടലുകളെക്കുറിച്ച് യു.എ.ഇ, ഇസ്രയേല്‍, അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ സംയുക്തമായി അന്വേഷണം നടത്തിവരികയാണ്.

