അട്ടപ്പാടി: പ്രസവത്തിന് വേണ്ടി ആശുപത്രിയിലേക്ക് പോകുന്നവഴിയിൽ അട്ടപ്പാടിയിലെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അടിയക്കണ്ടിയൂര്‍ ഊരിലെ കൃഷ്ണന്റെ ഭാര്യ ദീപയാണ് വഴിമധ്യേ പ്രസവിച്ചിരിക്കുന്നത്. രണ്ടരകിലോ തൂക്കമുള്ള പെണ്‍കുഞ്ഞിനാണ് ദീപ ജന്മം നല്‍കിയത്. അമ്മയെയും കുഞ്ഞിനേയും അഗളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഈ മാസം 27 നാണ് ഡോക്ടര്‍ ദീപയ്ക്ക് പ്രസവത്തിനു തീയതി പറഞ്ഞിരുന്നതെന്നും എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി വേദന തുടങ്ങിയതോടെ യുവതിയെയും കൂട്ടിഓട്ടോറിക്ഷയിൽ അഗളിയിലെ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. പക്ഷെ, യാത്രാമധ്യേ ഗൂളിക്കടവില്‍ വെച്ച് പ്രസവവേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

