Friday, November 13, 2026

റീൽസിനായി പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമം; മാപ്പ് അപേക്ഷ റീൽ വീണ്ടും പോസ്റ്റ് ചെയ്യിപ്പിച്ച് പൊലീസ് !

ബെംഗളൂരു: സോഷ്യൽ മീഡിയ റീലുകൾക്കായുള്ള അതിരുകടന്ന ശ്രമം വിവാദമായി. യുവതിയും ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരനും ചേർന്ന് യുവതിയുടെ പിതാവിനെ വലിയ ചാക്കിൽ കെട്ടിയിട്ട് കൊറിയർ ഓഫീസിലെത്തിച്ചതാണ് സംഭവം. വലിപ്പമേറിയ പാക്കേജ് കണ്ട ജീവനക്കാർ സംശയം തോന്നി എന്താണ് അയക്കുന്നത് എന്ന് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടർന്ന് ജീവനക്കാർ ചാക്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് അകത്ത് നിന്ന് യുവതിയുടെ പിതാവ് പുറത്തുവന്നത്.

ചോദ്യം ചെയ്തപ്പോൾ, റംസാൻ–ഉഗാഡി ആഘോഷസമയത്ത് യാത്രാ ടിക്കറ്റുകൾ ലഭിക്കാത്ത അവസ്ഥയെ പരിഹസിച്ച് കാണിക്കുന്ന റീൽ വീഡിയോക്കായാണ് പിതാവിനെ ചാക്കിലാക്കിയതെന്ന് യുവതി വിശദീകരിച്ചു. ടിക്കറ്റില്ലെങ്കിൽ കൊറിയർ ചെയ്യാം എന്ന ആശയം അവതരിപ്പിക്കാനായിരുന്നു ശ്രമമെന്നാണ് കുടുംബത്തിന്റെ വാദം. എന്നാൽ സംഭവത്തിന്റെ ഗൗരവം അവഗണിച്ച് പിടിക്കപ്പെട്ട ശേഷവും പാഴ്സൽ സ്വീകരിക്കണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടത് സ്ഥിതി കൂടുതൽ ഗുരുതരമാക്കി.

മനുഷ്യനെ പാക്കേജാക്കി അയക്കാൻ ശ്രമിച്ചതും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് കൊറിയർ ജീവനക്കാർ പൊലീസിൽ പരാതി നൽകി. പൊലീസ് കുടുംബത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. ഇത്തരത്തിലുള്ള പ്രവൃത്തികൾ അപകടകരവും നിയമപരമായി തെറ്റായതുമാണെന്ന് കർശനമായി മുന്നറിയിപ്പ് നൽകി.

സംഭവത്തിന് പിന്നാലെ, തങ്ങൾ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്ന ഒരു റീൽ തന്നെ പൊലീസ് യുവതിയെയും കുടുംബത്തെയും കൊണ്ട് തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യിപ്പിച്ചു.റീൽസിനായി ചെയ്തത് വലിയ തെറ്റാണ് ആരും ഇത് ആവർത്തിക്കരുത് എന്ന സന്ദേശവുമായാണ് വീഡിയോ പുറത്തിറക്കിയത്.

Related Articles

Latest Articles